Thursday, October 27, 2016

നീരൂറ്റുന്ന യൂക്കാലികൾ


'കോടപ്പുക'യിൽ മുങ്ങിയിരിക്കുന്ന വഴികളും യൂക്കാലിമരങ്ങളും... മനോഹരം... എന്നാൽ, മൂന്നാറിനേയും വട്ടവടയേയും കാന്തല്ലൂരിനേയും 'കട്ടപ്പൊകയിൽ' ആക്കിക്കൊണ്ടിരിക്കുകയാണ് ഈ യൂക്കാലിപ്റ്റസ് ഗ്രാന്റിസ്‌ മരങ്ങൾ. മുമ്പ്‌ വനവല്‍ക്കരണത്തിന്റെ ഭാഗമായാണ് കാന്തല്ലൂര്‍-വട്ടവട മേഖലകളിലെ‍ റവന്യൂ ഭൂമിയില്‍ വനംവകുപ്പ് യൂക്കാലിപ്റ്റസ്, ഗ്രാന്റിസ്, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിച്ചു തുടങ്ങിയത്‌. തുടർന്ന് ഈ മേഖലകളിൽ കുറഞ്ഞവിലക്ക്‌ ഭൂമി വാങ്ങിക്കൂട്ടിയ സ്വകാര്യ വ്യക്തികളും ഈ ആസ്ത്രേലിയൻ സസ്യത്തെ കൃഷിചെയ്തുതുടങ്ങി. ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറികൾക്കും മറ്റും ധാരാളം യൂക്കാലി മരങ്ങൾ ആവശ്യമായി വന്നതോടെ വനങ്ങൾ വെട്ടിതെളിയിച്ചും യൂക്കാലി മരങ്ങൾ വളർത്തി. 

വൻതോതിൽ ഭൂഗർഭജലം വരെ ഊറ്റിയെടുത്തു വളരുന്ന സസ്യമായതിനാൽ യൂക്കാലി തോട്ടങ്ങൾക്കടുത്തുള്ള പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന്. വട്ടവടയിലേയും കാന്തല്ലൂരിലേയും തട്ടുകൃഷിയിടങ്ങളും പഴത്തോട്ടങ്ങളും ഈ മരങ്ങൾ കാരണം ഇല്ലാതായി വരുന്നു. നമ്മുടെ നാട്ടിലെ കാലാവസ്ഥക്കും പ്രകൃതിക്കും കോട്ടം തട്ടുന്ന രൂപത്തിലാണ് ഈ ചെടിയുടെ വളർച്ച. ജീവജാലങ്ങളൊന്നും ഈ മരത്തെ ഇഷ്ടപ്പെടുന്നില്ല. യൂക്കാലിയുടെ ഇലകൾ വീണയിടങ്ങളിൽ മറ്റൊരു സസ്യവും വളർന്നുവരുകയുമില്ല. അങ്ങനെ ചോലക്കാടുകളും കുറിഞ്ഞിക്കാടുകളും നശിച്ചു... ജീവജാലങ്ങൾ ഒഴിഞ്ഞുപോയി... ഗ്രാമവയലുകൾ വറ്റിവരണ്ടു... ചൂടുകൂടി.. കോടമാഞ്ഞു... 

ഇനിയെങ്കിലും, യൂക്കാലിയുടെ കാലം വരുംമുമ്പുള്ള കോലത്തിലേക്ക്‌ നീലഗിരിയെ മാറ്റണം... യൂക്കാലിയുടെ കാലൻ വന്നെങ്കിലും.... 

Friday, October 14, 2016

നി'റ'വില്ല്


"വെയിലും മഴയും വന്നേ..."ന്ന് പാടിപ്പാറിനടക്കുന്നതിനിടയ്ക്ക്‌ വാനത്തേക്കു നോക്കാൻ ആദ്യമായി പറഞ്ഞത്‌ ഉപ്പയാണ്... തറവാട്ടുമുറ്റത്തെ മരങ്ങൾക്കിടയിലൂടെ പുഴക്കക്കരെ അങ്ങു ദൂരെ ആദ്യമായി മഴവില്ലിനെ കണ്ടു... ഒരു പാതിവില്ല്... പിന്നെയൊരിക്കൽ ഒരു വൈകുന്നേരം തെരട്ടമ്മൽ ഗ്രൗണ്ടിൽ നിന്നും... 

അരീക്കോട്‌ പാലത്തിൽ നിന്നാണ് കൂടുതൽ തവണ കണ്ടത്‌... കട്ടികൂടിയതും കുറഞ്ഞതുമായ നിറങ്ങളിൽ... ഒരു വയനാട്‌ യാത്രക്കിടയിൽ ഈങ്ങാപുഴക്കും അടിവാരത്തിനും ഇടയ്ക്ക്‌ ഒരിടത്തുവെച്ചാണ് കണ്ടതിൽ‌ ഏറ്റവും മനോഹരമായ മഴവില്ല് ദൃശ്യമായത്‌... മഞ്ഞണിഞ്ഞ വയനാടൻ നീലക്കുന്നുകളുടെ പശ്ചാത്തലത്തിൽ നിറമയിൽപ്പീലിയാട്ടം പോലെ ഒന്ന്... 

കോട്ടക്കൽ പുത്തൂരിൽ നിന്നാണ് ഇന്നീ വിരുന്നിന്റെ മുന്നിൽ ഒന്നൂടെ നിന്നുപോയത്‌...!

കൺനിറയെ നി'റ'വില്ല്...!

Thursday, October 13, 2016

ഈയലുത്സവം

പെരുമഴ പെയ്തുതോർന്ന വൈകുന്നേരം... മൺചിതലുകൾ കുളിരേറ്റു ഉറക്കമുണർന്നു... മണ്ണുകീറി കൂട്ടമായി പുറത്തേക്കുവന്നു... ചിറകുമുളച്ചും നൃത്തംചെയ്തും ആകാശത്തേക്കുയർന്നു... ഈയാംപാറ്റകളുടെ നിമിഷനേരത്തേക്കുള്ള ഈയലുത്സവം  തുടങ്ങുകയാണ്... 

കൂടണയാൻ പോയിരുന്ന കാക്കകളും കിളികളും തിരിച്ചുവന്ന് ആകാശത്തു വട്ടമിട്ടു... തവളകളും ഓന്തുകളും പല്ലികളും ഈയൽകൂട്ടങ്ങളിൽ ഓടിക്കളിച്ചു... പങ്കുചേരാൻ പാമ്പുകളും ചേരകളും എത്തി... 

പ്രകൃതിയുടെ താളത്തിനൊത്തുള്ള തുള്ളലിലാണ് ഞാനും... ;) <3

Tuesday, October 11, 2016

ചെറുപുഴയോർമകൾ

അരീക്കോട്‌ തേക്കിൻചുവട്ടിലെ ചാലിയാറിന്റെ കൈവഴിയായ ചെറുപുഴക്കരയിലാണിപ്പോൾ...

അന്ന്, ചെറുപുഴക്കടവിൽ കോൺക്രീറ്റ്‌ പടവുകളില്ല. വഴിയിലേക്ക്‌ തൂങ്ങി നിൽക്കുന്ന ഈങ്ങ മുള്ളുകൾക്കിടയിലൂടെ വഴുതുന്ന മൺപടവുകൾ കയറി ഉമ്മയങ്ങനെ വരും. ഒക്കത്തും തലയിലും തണുത്ത വെള്ളം നിറച്ച കുടങ്ങളും കൂടെയുണ്ടാകും. വീട്ടിലെ ബിടാവ് (ചെറിയ സിമന്റ്‌ ടാങ്ക്‌)‌ ‌നിറയുന്നതുവരെ ഈ പുഴനടത്തങ്ങൾ തുടരും. പുഴക്കരയിലെ ചെങ്കൽ പാറകൾ വെട്ടിയുണ്ടാക്കിയ ചെറുതും വലുതുമായ കുഴികളിൽ വെള്ളം കോരുന്തോറും നിറഞ്ഞുവരും.

ചെറുപുഴക്കരയിൽ

ചെറുപുഴക്കടവിലെ പടവിൽ

പുഴക്കരയിലെ ചെങ്കൽകുഴികൾ

വഴിക്കടവിലെ മാടിൻ (മണൽപുറം) പുറത്ത്‌ ബാപ്പയുടെ കൂടെ ഫുട്‌ബോൾ മത്സരം കാണാൻ പോയ ഓർമകളും തിരിച്ചുവരുമ്പോൾ തേക്കിൻചുവട്ടിലെ ഷൗക്കാക്കയുടെ കടയിൽ നിന്നും ബാപ്പ വാങ്ങിത്തരാറുള്ള വെള്ളച്ചായയുടെ രുചിയും ഇതുവരെ മാഞ്ഞുപോയിട്ടില്ല. പുലർക്കാലത്തെ മഞ്ഞുപൊങ്ങുന്ന പുഴവെള്ളത്തിലേക്ക്‌ ഞാൻ കൂട്ടുകാരുടെ കൂടെ കൂട്ടംകൂടി ഓടിവന്ന് ഉടുതുണിയെല്ലാം വലിച്ചെറിഞ്ഞ്‌ എടുത്തുചാടും. വൈകീട്ട്‌ ആളൊഴിഞ്ഞ പുഴയിലെ ഇളംചൂടുവെള്ളത്തിൽ ആകാശത്തിലൂടെ കൂടുപിടിക്കാൻ പറക്കുന്ന കൊക്കുകളെ നോക്കി അലസമായങ്ങനെ മലർന്നു പൊങ്ങിക്കിടക്കും. ദേഹത്തു ഇക്കിളിയാക്കാൻ വരുന്ന മീനുകൾക്ക്‌ അനങ്ങാതെ നിന്നുകൊടുക്കും. ചവറുകൾ വാരി കരയിലെറിഞ്ഞു കൊയ്ത്തി മീനുകളെ പിടിക്കും. വെള്ളത്തിൽ താഴ്‌ന്നു നിൽക്കുന്ന ഓടകൾപൊട്ടിച്ചു ഉള്ളിലെ ചെളിയിൽ ഒളിച്ചു നിൽക്കുന്ന ചെള്ളിമീനുകളെ കയ്യിലാക്കും. ഒഴുകിവരുന്ന ഒയലക്കായ്കൾ കൊണ്ടു എറിഞ്ഞുകളിക്കും.

പുഴക്കരയിലെ ചെങ്കൽകുഴികൾ

പുഴക്കരയിലെ ചെങ്കൽകുഴികൾ

ചെറുപുഴ

പുഴക്കരയിലെ ചെങ്കൽകുഴികൾക്കരികിൽ

ഇടയ്ക്ക്‌ അലക്കുപടവിൽ നിന്നും ഉമ്മയുടെ വിളിവരും. ചകിരികൊണ്ടുരച്ചു സോപ്പുതേച്ചുതരും. ഉമ്മയുടെ നീണ്ട മുടിയിഴകളിൽ തേക്കാനായി ഈങ്ങത്തൊലി പതപ്പിച്ചുകൊടുക്കും. തടത്തിത്താളിയും ചെമ്പരത്തിത്താളിയും ഉണ്ടാക്കിക്കൊടുക്കും. ഉമ്മയുടെ മുടിയെക്കുറിച്ചുള്ള കൂട്ടുകാരികളുടെ 'കൊച്ചുവർത്തമാനങ്ങൾ' ഞാനും കേട്ടാസ്വദിക്കും‌. പുഴയിലെ കുളിയും വെള്ളവുമാണ്‌ ഈ മുടിവളർച്ചയുടെ രഹസ്യമെന്ന് ഉമ്മ പലപ്പോഴും പറയും.

ചെറുപുഴക്കരയിൽ

ഉമ്മയും മോനും ചെറുപുഴക്കരയിൽ

വീണ്ടും ഇരുട്ടുംവരെയും വിറക്കുംവരെയും നീരാട്ടിന്റെ നേരങ്ങൾ. നീർക്കോലികൾ രംഗത്തുവരുമ്പോഴേക്കും ഞാൻ കരയിൽ കയറിയിരിക്കും. ഉമ്മയും കൂട്ടുകാരികളും അതിനു മുമ്പേ വീടുകളിലെത്തിയിട്ടുണ്ടാകും. പുഴയിൽ ഞാൻ മാത്രമാകും. അവസാനമായി, തീർത്ഥജലം പോലെ ചെങ്കൽ കുഴിയിലെ ആ തണുത്ത വെള്ളം കയ്യിൽ കോരിയെടുത്തു തലയിലൊഴിക്കും. കോരിയെടുക്കുന്തോറും ചെങ്കൽ ദ്വാരങ്ങൾക്കിടയിലൂടെ തെളിവെള്ളം കുതിച്ചുചാടും.

ഈങ്ങച്ചെടികൾ

ഈങ്ങച്ചെടികൾ

തടത്തിത്താളി

പിന്നീടെപ്പോഴോ ഈ തെളിനീരൊഴുക്കുകൾ നിലച്ചു. മണലും മാടുകളും ഇല്ലാതായി. പുഴയാകെ അഴുക്കായി അരിക്കായി. കഴിഞ്ഞ ദിവസം ഉമ്മയുടേയും മകന്റേയും കൂടെ ഒന്നുകൂടെ ആ പുഴക്കടവിലെത്തി. നാടും നാട്ടുകാരും ഒരുപാട്‌ മാറിയിരിക്കുന്നു. കൂടെ പുഴയും. പടവിറങ്ങി വന്നവരും കയറിവന്നവരുമായി പലരും മുമ്പേ യാത്രയായി... പുഴയും യാത്രയിലാണ്... പാതി ജീവനിൽ...

Wednesday, October 5, 2016

അച്ചുളിങ്ങക്കാലം


പള്ളിപ്പടി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടിൽ കൂട്ടുകാരുടെ കൂടെ 'അച്ചുളിങ്ങ' പറിക്കാൻ പോയതിനു വയറുനിറയെ വഴക്ക് കിട്ടിയത്... വിവരമറിഞ്ഞ ഉമ്മ പറഞ്ഞു "മറ്റുള്ളവരുടേത് ഒന്നും അനുവാദമില്ലാതെ കൈയ്യിലാക്കരുത്...  ആവശ്യമുള്ള ഏതുമരവും ചെടിയും വീട്ടിൽ വളർത്താലോ..." 

ആറാം ക്ലാസിൽ പഠിക്കുമ്പോൾ പാവണ്ണയിലെ ബന്ധുവീട്ടിൽ നിന്നും കുറച്ചു വാളൻ പുളി കിട്ടി... പഴുത്തത്... കഴിച്ചുകഴിഞ്ഞുള്ള പുളിയുടെ കുരു പത്തുസെന്റ് പറമ്പിന്റെ പല ഭാഗങ്ങളിലായി വിതറാൻ പറഞ്ഞു ഉമ്മ... ധാരാളം വിത്തുകൾ മുളച്ചുപൊങ്ങി... അവസാനം നാലഞ്ചു മരങ്ങൾ ഉയർന്നു... പടർന്നു...

കഴിഞ്ഞ ദിവസം പുളിമരങ്ങളുടെ ചുവട്ടിലിരുന്ന് ഞാനും ഉമ്മയും മോനും കൂടി പറയുകയായിരുന്നു... വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു 'അച്ചുളിങ്ങ' പോലും തന്നില്ലല്ലോ പുളിമരങ്ങളേ... അത്ഭുതം..! മുകളിലേക്ക് നോക്കിയപ്പോൾ ഒരു കൊമ്പിന്റെ അറ്റത്ത് അതാ ഒരു 'അച്ചുളിങ്ങ'..! ഒന്നേയുള്ളൂ... ബല്ല്യ ഒന്ന്...! 

ആദ്യത്തെ പുളിക്ക് എന്തൊരു 'മധുരം'...! 

'അച്ചുളിങ്ങ' മണക്കുന്ന നാലാം ക്ലാസിലാണിപ്പോൾ.... ❤️
Related Posts Plugin for WordPress, Blogger...