Saturday, October 31, 2015

ആപ്പിൾ തോട്ടങ്ങളിലൂടെ


രാജ്യത്തിന്റെ തനതായ കാലാവസ്ഥാ രൂപീകരണത്തിൽ  പ്രധാന പങ്കുവഹിക്കുന്ന ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര തുടരുകയാണ്. ജൈവവൈവിധ്യത്തിന്റെ കലവറയിലൂടെ, ഹിമഗിരികളുടെ താഴ്‌വാരങ്ങളിലൂടെയുള്ള കറക്കം. ആപ്പിൾ വിളയുന്നകാലം നോക്കിയാണ് യാത്ര. ആപ്പിൾ മരത്തിൽ കയറി ആപ്പിൾ പറിക്കണം... മതിയാവോളം തിന്നണം എന്നൊക്കെയുണ്ട്‌ മനസ്സിൽ.


ഉധംപൂരിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്ര. പൊടിപറക്കുന്ന റോഡ്‌. ജവഹർ ടണലും കടന്ന് വാഹനം കശ്മീർ താഴ്‌വരയോട്‌ അടുക്കുകയാണ്. കേരളത്തിലെ വഴിയോരങ്ങളിൽ തെങ്ങുകൾ നിറഞ്ഞിരിക്കുന്നപോലെ കശ്മീരിൽ എവിടെ നോക്കിയാലും ആപ്പിൾ മരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്ര.

റോഡിന്റെ ഇരുവശങ്ങളിലേക്കും നോക്കിയിരിന്നു. ഒന്നും കണ്ടില്ല. അവസാനം ഞങ്ങളുടെ പഞ്ചാബി ഡ്രൈവറോട്‌ ആപ്പിൾ മരങ്ങൾ കണ്ടാൽ ഒന്ന് നിർത്തി കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർ കേട്ടഭാവം കാണിച്ചില്ല. വാഹനത്തിൽ പാടിക്കൊണ്ടിരുന്ന ഏതോ ഹിന്ദി പാട്ടിൽ ലയിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് തോന്നി.
പൊട്ടിപ്പൊളിഞ്ഞ റോഡിലെ ഗതാഗതക്കുരുക്ക്‌ കാരണം വാഹനം പതുക്കെയാണ് പോകുന്നത്‌. റോഡരികിലെ ഒരു ചെരിവിലുള്ള ആപ്പിൾ മരം ഡ്രൈവർ കാണിച്ചു തന്നു. നിറയെ കായ്കളുണ്ട്‌. പക്ഷെ കണ്ടാൽ ആപ്പിളാണെന്ന് തോന്നില്ല. മരവും ഇലയും കായ്കളും മുഴുവൻ പൊടികൊണ്ട്‌ മൂടിയിരിക്കുന്നു. ശരിയായി കാണുന്നതിനു മുമ്പേ വാഹനം നീങ്ങിത്തുടങ്ങി.

ചെറിയ ചാറ്റൽ മഴ. കശ്മീരിലെ കാലാവസ്ഥ ഏതുസമയവും മാറിമറിയാനും വഴി തടസ്സപ്പെടാനും സാധ്യതയുണ്ട്‌. നേരം ഇരുട്ടുന്നതിനു മുമ്പേ ഞങ്ങളെ ശ്രീനഗറിൽ എത്തിക്കുകയാണ് ഡ്രൈവറുടെ ലക്ഷ്യമെന്ന് തോന്നുന്നു.
വേഗത്തിലോടുന്ന വണ്ടിയിലിരുന്ന് ഞങ്ങൾ ഒറ്റപ്പെട്ട്‌ നിൽക്കുന്ന ചില ആപ്പിൾ മരങ്ങളെ കണ്ടു.

ശ്രീനഗറിലെത്തി രണ്ടാം ദിവസം. കശ്മീർ താഴ്‌വരയിലൂടെയാണ് ഇനി യാത്ര. പഹൽഗാമിലേക്കുള്ള വഴി. റോഡരികിലെ ഒരു കടയിൽ ചായകുടിക്കാനിറങ്ങി. എതിർ വശത്ത്‌ ആപ്പിൾ തോട്ടം! അകത്തേക്ക്‌ കയറാൻ ഉടമസ്ഥൻ അനുവദിച്ചില്ല. ഡ്രൈവർ ഞങ്ങളെ തിരികെ വിളിച്ചു. ഏതാനും ദൂരം പിന്നിട്ടപ്പോൾ കായ്ച്ചുനിൽക്കുന്ന ആപ്പിൾ മരത്തോട്ടങ്ങൾക്കിടയിലൂടെയായി യാത്ര.


റോഡരികിലെ ഒഴിഞ്ഞൊരിടത്ത്‌ വലിയൊരു ആപ്പിൾതോട്ടത്തിനരികിൽ വാഹനം നിർത്തി. ചെറിയൊരു അരുവിയിൽ നിന്നും ആപ്പിളുകൾ കഴുകിയെടുക്കുന്ന ഒരു കശ്മീരി ബാലനെ കണ്ടു. പറിച്ചെടുത്ത ആപ്പിളുകൾ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ടി വാഹനത്തിൽ കയറ്റുന്ന തിരക്കിലാണ് തോട്ടമുടമകൾ.

തോട്ടത്തിലേക്ക്‌ പ്രവേശിക്കുന്നതിന് പ്രശ്നമൊന്നും ഇല്ലെന്ന് ഡ്രൈവർ പറഞ്ഞ ഉടനെ ഞങ്ങൾ ഓടിക്കയറി. വലിയൊരു കമ്പിൽ പ്ലാസ്റ്റിക്‌ കപ്പുകൾ കെട്ടി ശബ്ദമുണ്ടാക്കി പറവകളെ ആട്ടിയകറ്റുകയാണ് ഒരാൾ. ആപ്പിളുകളുടെ ഭാരം മൂലം മരക്കൊമ്പുകൾ പൊട്ടിവീഴാതിരിക്കാൻ താങ്ങുകൾ കൊടുത്തിട്ടുണ്ട്‌.

സ്വപ്നങ്ങളിൽ കണ്ട ആപ്പിൾ തോട്ടമിതാ കൺ മുമ്പിൽ...! കയ്യെത്തും ദൂരത്ത്‌... ! പറിക്കാൻ തോട്ടമുടമയോട്‌ അനുവാദം ചോദിച്ചു. ചെറുചിരിയോടെ അദ്ദേഹം സമ്മതിച്ചു.  വിവിധ നിറങ്ങളിൽ ... വിവിധ രുചികളിലുള്ള ആപ്പിളുകൾ... ചെറുതും വലുതുമായ മരങ്ങളിൽ നിന്നും ഞങ്ങൾ മതിയാവോളം പറിച്ചുതിന്നു....

കശ്മീരിന്റെ ഹിമക്കുളിരിലെ രുചിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞങ്ങളൊക്കെ സുന്ദരന്മാരും സുന്ദരിമാരുമായി മാറിയിരുന്നു... ആപ്പിളുപോലെ ശുദ്ധവും മനോഹരവും രുചികരവുമായ ഒരു കൂട്ടം ഹൃദയങ്ങളുടെ ഉടമകൾ.. 

Friday, October 30, 2015

ഹിമഗിരിനിരകളിലൂടെ


മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഗിരിനിരകൾ കാണാൻ തന്നെയായിരുന്നു യാത്ര... ഗുൽമാർഗിലെ അഫർവത് കൊടുമുടിയിൽ നിന്നും നംഗപർവതം കാണാൻ സാധിക്കുമെന്ന് കേട്ടിരുന്നു. മഞ്ഞുകാലമല്ലാത്തതിനാൽ മലമുകളിലേക്കുള്ള കേബിൾകാർ സർവീസ്‌ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഞങ്ങൾ മലമുകളിലേക്ക്‌ നടന്നുകയറാൻ തീരുമാനിച്ചു.
പൈൻമരക്കാടുകൾക്കിടയിലൂടെ ചെറിയ കുടിലുകൾ പിന്നിട്ട്‌ കയറ്റം കയറിത്തുടങ്ങി. വഴിയരികിലെ ഒരുവീട്ടിൽ നിന്നും പരിചയപ്പെട്ട കശ്മീരി യുവാവ്‌ മജീദും ഞങ്ങളോടൊപ്പം ഉണ്ട്‌.

മജീദ്‌ മറ്റെന്തോ ആവശ്യത്തിനായാണ് മലകയറുന്നത്‌. പൈൻ മരക്കാടുകൾ അവസാനിച്ചു. വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ പുൽമേടുകളിലൂടെയാണ് നടത്തം. കുത്തനെയുള്ള കയറ്റം. ഏതുസമയവും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മണ്ണും കല്ലും നിറഞ്ഞ വഴികൾ. കയറ്റം കൂടുന്തോറും ക്ഷീണം അനുഭവപ്പെടാൻ തുടങ്ങി. ഇനി യാത്ര തുടർന്നാൽ അപകടമാകുമെന്ന് മജീദ്‌ മുന്നറീപ്പ്‌ നൽകുന്നുണ്ട്‌. രണ്ട്‌ കാരണങ്ങളാണ്. ഒന്ന്- ഉയരങ്ങളിൽ ഓക്സിജന്റെ അഭാവം മൂലം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. രണ്ട്‌- പരിചയമില്ലാത്ത ഈ ഇടങ്ങളിലൂടെയുള്ള അന്യദേശക്കാരുടെ യാത്ര സുരക്ഷാസൈനികർക്ക്‌ ഇഷ്ടമല്ല.
 മുകളിലേക്ക്‌ നോക്കുമ്പോൾ അഫർവ്വത്‌ കൊടുമുടി ഒരു രാക്ഷസനെപ്പോലെയങ്ങനെ നിൽക്കുകയാണ്. എങ്ങനെയെങ്കിലും യാത്ര തുടരണമെന്നായിരുന്നു ഞങ്ങൾക്ക്‌. ഓക്സിജന്റെ കുറവുമൂലമുള്ള പ്രശ്നം ഇടയ്ക്കിടയ്ക്ക്‌ വിശ്രമിച്ച്‌ പരിഹരിക്കാമെന്ന് മജീദ്‌ പറഞ്ഞു. സൈനികപ്രശ്നം വരും പോലെ പരിഹരിക്കാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ യാത്ര തുടർന്നു. പുൽമേടുകളിൽ ആടുകളെ മേയ്ച്ചുകൊണ്ട്‌ ബെക്കർവ്വാളുകളെ കണ്ടു. മലമുകളിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്. നല്ല ക്ഷീണമുണ്ട്‌. ദൂരെ നിന്നും ഞങ്ങളുടെ നേരെ നാല് പട്ടാളക്കാർ നടന്നുവരുന്നതായിക്കണ്ടു. എന്റെയുള്ളിൽ  ചെറിയൊരു ഭയമുണ്ട്‌. എന്തും നേരിടാൻ തയ്യാറായി നിന്നു. അവർ അടുത്തേക്കെത്തി. മജീദിനോട്‌ എന്തൊക്കെയോ ചോദിച്ചു. ഞങ്ങൾക്കിനി മുകളിലേക്ക്‌ യാത്ര തുടരാനനുവാദമില്ലെന്നും പറഞ്ഞ്‌ മജീദ്‌ അവരുടെ കൂടെ മലകയറിപ്പോയി. 

ഇതുവരെ മലമുകൾ ലക്ഷ്യം വെച്ചായിരുന്നു നടത്തം. വന്ന വഴിയിലേക്കൊന്ന് നോക്കി. കയറിവരുമ്പോൾ ദുർഘടം പിടിച്ചിരുന്ന പാതകൾ കാണാൻ ഇപ്പോഴെന്ത് ഭംഗി!  കഴിഞ്ഞുപോയ പ്രയാസങ്ങളൊക്കെ ഇപ്പോഴോർക്കുമ്പോൾ ഒരു സുഖം തോന്നാറുള്ളപോലെ... എല്ലാം നല്ലതിനായിരുന്നെന്ന് അറിയുമ്പോഴുള്ള സുഖം ! ദൂരെ ആകാശനീലിമയിലേക്ക്‌ നോക്കിയങ്ങനെ കുറേനേരമിരുന്നു... മേഘക്കീറുകൾക്കിടയിലൂടെ അങ്ങ്‌ ദൂരെ ഒരു മഞ്ഞു മല..! നംഗപർവതം..!
 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപർവ്വതം. പടിഞ്ഞാറൻ ഹിമാലയ നിരകളിൽ സമുദ്രനിരപ്പിൽനിന്ന് 8,114 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന നംഗപർവതം ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പർവതാരോഹകർക്ക് ഏറെ ദുർഘടം നിറഞ്ഞ ഈ ഹിമാലയ ശൃംഗത്തെ 'കൊലയാളി പർവതം' (കില്ലർ മൗണ്ടെയിൻ) എന്ന് വിളിക്കാറുണ്ട്.
 മഞ്ഞുമലകളെക്കുറിച്ച്‌ ആദ്യമായി കേൾക്കാൻ തുടങ്ങിയ കാലം... പ്രൈമറിക്ലാസിൽ നിന്നും തുടങ്ങിയ അനുരാഗമാണ് എവറസ്റ്റിനോടും നംഗപർ വതത്തോടും... നംഗപർവതമിതാ കൺമുമ്പിൽ...ഇങ്ങനെയൊരു യാത്രചെയ്ത്‌ ഈ മലമുകളിലെത്താൻ ഇനി സാധ്യതയില്ല.. തിരിച്ചിറങ്ങുമ്പോൾ ഞാൻ ഒരിക്കൽ കൂടി കൺനിറയെ കണ്ടു..  വിജയിക്ക്‌ കിട്ടിയ വെള്ളിക്കിരീടം പോലെ അതങ്ങനെ നീലാകാശത്ത്‌ വെട്ടിത്തിളങ്ങുകയാണ്... എന്റെ ഹൃദയത്തിലും.... കൊലയാളി പർവതമെന്നൊക്കെ വിളിപ്പേരുണ്ടെങ്കിലും ഹിമഗിരിനിരകളോട് അനുരാഗമാണെന്നും... തീർത്താൽ തീരാത്ത അനുരാഗം...Related Posts Plugin for WordPress, Blogger...