Friday, July 31, 2015

ബസുമതി പാടങ്ങൾക്കിടയിലൂടെ


ബാനിഹാൾ ചുരമിറങ്ങി കശ്മീർ താഴ്വരയോട് അടുത്തുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ വാഹനം. ബസുമതി പാടങ്ങളുടേയും കടുക് പാടങ്ങളുടേയും ഇടയിലൂടെയാണ് യാത്ര. ബസുമതി അരിക്ക് ഭൗമസൂചിക പദവിക്കായുള്ള വടക്കന്‍ ജമ്മുകശ്മീരില്‍ നിന്നുള്ള അപേക്ഷ ചെന്നൈയിലെ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തള്ളിയത് ഈയടുത്താണ്. ഒരു പ്രദേശത്തുമാത്രം വിളയുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മറ്റ് പ്രത്യേകതകളുള്ള ഉത്പന്നങ്ങള്‍ക്കുമാണ് ഭൗമസൂചിക പദവി നല്‍കുക. എന്നാൽ, ബസുമതിക്ക് ഭൗമസൂചിക പദവിക്കായുള്ള അപേക്ഷ മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്ന് ലഭിച്ചതിനാലാണ് ഈ പദവി കശ്മീരിന് ലഭിക്കാതെ പോയത്.
കൃഷിയിടങ്ങളിൽ കർഷകർ ജോലിത്തിരക്കിലാണ്. ചിലർ കാളകളെ ഉപയോഗിച്ച് നിലം ഉഴുതുന്നുണ്ട്. കശ്മീരികളിൽ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടേയും അരുവികളുടേയും കരയിൽ നെൽപ്പാടങ്ങൾ കാണാം. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ ചെരുവുകൾ തട്ടുതട്ടാക്കി കൃഷി നടത്തുന്നു.


ഒരിടത്ത് വയലുകൾക്കിടയിലൂടെ ബാനിഹാൾ-ബാരാമുള്ള റെയിൽ പാത കടന്നുപോകുന്നത് കണ്ടു . കൃഷിയിടങ്ങൾക്കിടയിൽ വലുതും ചെറുതുമായ വീടുകൾ.  കശ്മീരിന്റെ ഭൂരിഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ താഴ്വരയാണ്. താഴ്വരയിലെ പ്രധാന പട്ടണമായ ശ്രീനഗറിലേക്ക് ഞങ്ങൾ അടുത്തു തുടങ്ങി...


കൂടുതൽ ചിത്രങ്ങൾ

Thursday, July 30, 2015

ജവഹർ തുരങ്കം കടന്ന്‌ കശ്മീർ താഴ്വരയിലേക്ക്


ജമ്മുവിനെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന ബാനിഹാൾ ചുരത്തിലൂടെയാണ് യാത്ര. ഞങ്ങളുടെ വാഹനം കാശ്മീർ താഴ്‌വരയുടെ കവാടമായ ,  ജവഹർ തുരങ്കത്തിലേക്ക് പ്രവേശിച്ചു . 2.85 കിലോമീറ്റർ നീളം വരുന്ന ഈ തുരങ്കമാണ് നിലവിൽ രാജ്യത്തെ എറ്റവും നീളം കൂടിയ റോഡ്‌ തുരങ്കം. പുതിയ ജമ്മു-ശ്രിനഗർ ഹൈവേ പ്രൊജക്റ്റിന്റെ ഭാഗമായി ക്വാസിഗുണ്ടിനും ബാനിഹാളിനുമിടയിൽ 9 കിലോമീറ്ററോളം നീളത്തിൽ   നിർമിക്കുന്ന പുതിയ തുരങ്കത്തിന്റെ പണി പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ റോഡ്‌ തുരങ്കം അതായിമാറും. 1956 ൽ ആണ് ജവഹർ തുരങ്കം രാജ്യത്തിനു വേണ്ടി തുറന്നു കൊടുത്തത് . ആധുനിക മലിനീകരണ നിയന്ത്രണ സെൻസറുകളും വെളിച്ചത്തിനും വെന്റിലേഷനുമുള്ള സൗകര്യങ്ങളും എമർജൻസി ടെലഫോണ്‍ ബൂത്തുകളും CCTV നിരീക്ഷണവും തുരങ്കത്തിൽ ഉണ്ട് .


വാഹനം തുരങ്കത്തിലൂടെ ഒരേ വേഗതയിൽ നീങ്ങി . ഹോണടിക്കാനോ ഫോട്ടോ എടുക്കണോ പാടില്ല . പൂർണമായും സൈനിക നിയന്ത്രണത്തിലാണ് തുരങ്കം. ഒടുവിൽ, പൊട്ടുപോലെ ദൂരെ കണ്ട പകൽ വെളിച്ചം വലുതായി വലുതായി വന്നു . ഇപ്പോൾ വാഹനം പീർപാഞ്ചാൽ മലനിരകൾ കടന്ന് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കുകയാണ്. കാലാവസ്ഥക്കും പ്രകൃതിക്കും പ്രകടമായ മാറ്റം. കശ്മീർ താഴ്വരയിലേക്ക് റോഡ്‌ ഇറങ്ങി തുടങ്ങി ...

കൂടുതൽ ചിത്രങ്ങൾ

ബെക്കർവാളുകൾ


ജമ്മു - ശ്രീനഗർ ഹൈവേയിലൂടെയാണ് യാത്ര. വഴിയിൽ നൂറുകണക്കിന് ആടുകളുമായി മേച്ചിൽ പുറം തേടി പോകുന്ന ബെക്കർവാളുകളെ കാണാം. ആടു മേയ്ക്കലിനായി ഹിമാലയ താഴ്വരയിൽ എത്തിയ ഗുജ്ജർ സമുദായക്കാരാണിവർ.
 പുൽമേടുകൾ തേടി വേനൽ കാലത്ത് തങ്ങളുടെ ആടുകളുമായി ഇവർ ഹിമാലയത്തിലെയും പീർപാഞ്ചാൽ മലനിരകളുടെയും മുകളിലേക്ക് കയറും. ഒരു പുൽമേടിൽ നിന്നും മറ്റൊരു പുൽ മേട്ടിലേക്കം ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്കുമായി മാസങ്ങളോളം നീളുന്ന ആടുമേയ്ക്കലും മലകയറ്റവും. കാവല്കാരനായി ഒരു നായയും കൂടെയുണ്ടാകും. ചിലപ്പോൾ ഭാര്യയേയും മക്കളേയും കൂട്ടിയായിരിക്കും യാത്ര. മല മുകളിൽ മഞ്ഞു വീണു തുടങ്ങുമ്പോൾ ആടുകളുമായി മലയിറങ്ങി ഇവർ താഴ്വാരങ്ങളിലെ  മേച്ചിൽ പുറങ്ങളിൽ എത്തും.

ഗുല്മാർഗിലെ കൊങ്ടൂരി മലയിലേക്ക് നടത്തിയ ട്രക്കിങ്ങിനിടയിൽ ഞങ്ങളൊരു പുൽമേട്ടിൽ വിശ്രമിക്കുകയാണ്. ഞങ്ങൾ മൂന്ന് കൂട്ടുകാർ മാത്രമേ മല കയറിയിട്ടുള്ളൂ. നല്ല തണുത്ത കാറ്റ്. നിശബ്ദത.
ചില സമയങ്ങളിൽ ദൂരെയുള്ള മലഞ്ചെരിവിൽ നിന്നും വിസിലടി ശബ്ദവും നായകുരക്കുന്ന ശബ്ദവും കേൾക്കുന്നുണ്ട്. ഞാനെന്റെ ക്യാമറയിലെ ലെൻസ്‌ മാറ്റി സൂം ചെയ്തു നോക്കി. പുൽമേടിൽ വെളുത്ത ഉരുളൻകല്ല് പോലെ കാണുന്നതെല്ലാം ആടുകളാണ്. ഞങ്ങളങ്ങോട്ട് നടന്നു. പാട്ടുപാടിക്കൊണ്ടും ഇടയ്ക്ക് വിസിലടിച്ചു കൊണ്ടും കൂടെയുള്ള വലിയ നായയുടെ സഹായത്തോടെ നൂറുകണക്കിന് ആടുകളെ നിയന്ത്രിക്കുകയാണ് ആട്ടിടയൻ...

ആടും നായയും ആട്ടിടയനും ഭാര്യയും മക്കളും ചേർന്നുള്ള 'സിംഫണി'  .... ഇന്നൊരിടം, നാളെ മറ്റൊരിടം ... വിരസതയില്ലാത്ത  ജീവിത യാത്ര ... പ്രശാന്ത മുഖം  ... സന്തുഷ്ട കുടുംബം ...


കൂടുതൽ ചിത്രങ്ങൾ 

ബാഗ്ലിഹാര്‍ അണക്കെട്ട്‌


ജമ്മു - ശ്രീനഗർ NH 1A ഹൈവേയിലൂടെ യാത്ര തുടരുകയാണ്. പീർ പാഞ്ചാൽ മലനിരകളിലൂടെ... വളവുകളും തിരിവുകളും ഉള്ള റോഡുകൾ. റോഡിന്റെ ഒരു വശം വലിയ താഴ്ച്ചയാണ്. താഴെ ചെനാബ് നദി. ദൂരെ മലകൾക്കിടയിലൂടെ ഒഴുകി വരുന്ന ചെനാബ് നദിയെ തടഞ്ഞുണ്ടാക്കിയ ഒരു ചെറിയ അണ കാണാം. 2008 ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിനു സമർപിച്ച 900 മെഗാ വാട്ട് വിദ്യുത്ഛക്തി ഉദ്പാതക ശേഷിയുള്ള ബാഗ്ലിഹാർ അണക്കെട്ടാണിത്. സിന്ധു നദീജല കരാർ അനുസരിച്ച് ചെനാബിലെ ജലം പാക്കിസ്ഥാന് അവകാശപെട്ടതാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതിയുമായി ബന്ധപെട്ട് ഇന്ത്യയും പാക്കിസ്ഥാനും ഒട്ടേറെ വാക്കുതർക്കങ്ങൾ നടന്നിരുന്നു . എന്നാൽ വെള്ളം സൂക്ഷിക്കാത്ത രീതിയിൽ (റണ്‍ ഓഫ് ദ റിവർ) ആണ് ഡാമിന്റെ നിർമാണം എന്നതുകൊണ്ട്‌ വിധി ഇന്ത്യക്ക് അനുകൂലമായി .

വീതികുറഞ്ഞ ഇരുമ്പ് പാലങ്ങളും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ മലനിരകളും കടന്ന് യാത്ര തുടരുകയാണ് .... 

Wednesday, July 29, 2015

ഉധംപൂരിൽ നിന്നും ശ്രീനഗറിലേക്ക്


ഉധംപൂരിൽ നിന്നും ശ്രീനഗറിലേക്ക് NH 1A  ഹൈവേയിലൂടെ യാത്രയിലാണ്. വഴിയരികിലെ ഒരു ധാബയിൽ നിന്നും ഭക്ഷണം കഴിച്ചു. പെരുമ്പാമ്പിനെ പോലെ വളഞ്ഞ് പുളഞ്ഞ് നീങ്ങുന്ന മലമ്പാത. മലനിരകളിലൂടെയുള്ള യാത്ര. താഴെ ചെനാബ് നദി പതഞ്ഞൊഴുകുന്നു. പാതക്ക് പൈൻ മരങ്ങൾ തണൽ വിരിച്ചു തരുന്നു. ഒരുവശം ചെങ്കുത്തായ മലനിരകള്‍, മറുവശം അഗാധഗര്‍ത്തങ്ങള്‍. ഇടക്കിടെ പട്ടാളവണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പൊയ്‌ക്കൊണ്ടിരിക്കുന്നു.


വഴിയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞു വീണ് ഭാഗികമായെ ഗതാഗതമുള്ളൂ. പെട്ടെന്ന് ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള ഉറപ്പില്ലാത്ത തരം മണ്ണാണ് ഈ പ്രദേശങ്ങളിൽ. കാലാവസ്ഥ ഏതു സമയവും മാറി മറിയാം. കുന്നിൻ മുകളിൽ നിന്നും മണ്ണും പാറയും ഇടിഞ്ഞും റോഡ്‌ തകർന്നും ഈ പാത ദിവസങ്ങളോളം അടച്ചിടാറുണ്ട്.വഴിയിലെമ്പാടും പടുകൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങളും പണിക്കാരും. റോഡ്‌ മുഴുവൻ പൊടിപടലം. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള സമാന്തര പാതയുടെയും പുതിയ റെയിൽവേ ലൈനിന്റെയും പണി നടക്കുകയാണ്. രാജ്യത്തെ ഏറ്റവും നീളമേറിയ ടണല്‍ റോഡ് നിര്‍മ്മാണം ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. 9.2 കിലോമീറ്റര്‍ നീളമുള്ള ടണല്‍ ജമ്മു-ശ്രീനഗര്‍ ദൂരം 30 കിലോമീറ്ററോളം കുറക്കും. ഹിമപാതം മൂലം മഞ്ഞുകാലത്ത് ദേശീയപാത അടച്ചിടേണ്ടിവരുന്നതും ശ്രീഗനര്‍ ഒറ്റപ്പെട്ടുപോകുന്നതും ഒഴിവാക്കാന്‍ നാലുവരിയില്‍ തയ്യാറാകുന്ന പുതിയ ടണല്‍ സഹായകരമാകും. പുതിയ ജമ്മു-ശ്രീനഗർ നാലുവരി പാതയുടേയും റയിൽ പാതയുടേയും പണി പൂർത്തിയാകുന്നതോട് കൂടി കാശ്മീർ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് പ്രവേശിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

യാത്ര .... സുഖവാസ കേന്ദ്രമായ പട്നി  ടോപ്പ്, റംബാൻ, ബാനിഹാൾ വഴി ശ്രീനഗറിലേക്ക് ....

കൂടുതൽ ചിത്രങ്ങൾTuesday, July 28, 2015

ജമ്മു - ഉദ്ദംപൂർ റെയിൽപാതയിലൂടെ


രാത്രി ദില്ലി നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തി. കശ്മീരിലെ ഉദ്ദംപൂരിലേക്ക്‌ ദില്ലി സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ എന്നാണ് അറിഞ്ഞത്‌. അന്വേഷിച്ചപ്പോൾ ഞങ്ങളുടെ വണ്ടി ഓൾഡ്‌ ഡൽഹിയിലെ സരൈരൊഹിള്ള സ്റ്റേഷനിൽ നിന്നാണെന്നറിഞ്ഞു. ടിക്കറ്റ്‌ ശ്രദ്ധിച്ചിരുന്നില്ല. വണ്ടി പുറപ്പെടാൻ ഇനി അധികം സമയമില്ല. ടാക്സി പിടിച്ചു. ദില്ലിയിലെ നിരത്തിലൂടെ രാത്രി തിരക്കുള്ള സമയമായിട്ടും ഡ്രൈവർ അതിവിദഗ്ദമായി സമയത്തിന് സ്റ്റേഷനിൽ എത്തിച്ചു. വണ്ടിയിൽ നല്ല തിരക്കാണ്. വിനോദ-തീർത്ഥയാത്രക്കാരാണ് അധികവും.
ദില്ലി-ഉദ്ദംപൂർ എ.സി. എക്സ്‌പ്രസ്സിലാണ് യാത്ര. 

അതുവരെ 'മംഗള'യിലെ പുറംലോകം കാണാത്ത എ.സി. കമ്പാർട്ടുമെന്റിനെ അപേക്ഷിച്ച്‌ ഈ വണ്ടിയിലെ കമ്പാർട്ടുമെന്റുകൾ വൃത്തിയുള്ളതും ചില്ലുകൾ വ്യക്തത ഉള്ളതുമാണ്. 
ട്രെയിൻ യാത്ര തുടങ്ങി.

ചില്ലുജാലകത്തിനരികിൽ ഇരുപ്പുറപ്പിച്ചു. പുറത്തേക്ക്‌ നോക്കിയങ്ങനെ ഇരുന്നു. ഇന്ത്യൻ ചരിത്രത്തിലെ പ്രധാന 'അധ്യായങ്ങളിൽ' ഒന്നായ ഹരിയാനയിലെ പാനിപറ്റിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. സ്കൂൾ പഠനകാലങ്ങളിലേ കേട്ടുപരിചയിച്ച പേരാണ് പാനിപറ്റ്‌.വണ്ടിയിൽ എല്ലാവരും ഉറക്കിലാണ്. ഞാൻ പുറത്തേക്കങ്ങനെ നോക്കിയിരുന്നു. ഹരിയാന സംസ്ഥാനം കഴിഞ്ഞു. വണ്ടി പഞ്ചാബിലെ ലുധിയാനയിൽ എത്തി. പുറത്ത്‌ രാത്രിയുടെ മങ്ങിയവെളിച്ചത്തിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ. വണ്ടി കുതിച്ചുപാഞ്ഞു. രാവിലെ ഏഴരയോടെ ജമ്മുകശ്മീർ സംസ്ഥാനത്തിലെ ജമ്മുവിൽ എത്തി. യാത്രക്കാരെല്ലാം ഇറങ്ങി. ഇനി ഉദ്ദംപൂരിലേക്കുള്ള യാത്രയിൽ കമ്പാർട്ടുമെന്റിൽ ഞാനും എന്റെ കുടുംബവും മാത്രം.

ഈ അടുത്താണ് ജമ്മുവിൽ നിന്നും ഉദ്ദംപൂരിലേക്കുള്ള പാത തുറന്നത്‌. ഉദ്ദംപൂരിൽ നിന്നും ശ്രീനഗറിലേക്കുള്ള ടാക്സി പ്രശ്നം കൊണ്ടായിരിക്കാം ടൂറിസ്റ്റുകൾ വരെ ജമ്മുവിൽ ഇറങ്ങിയത്‌. ട്രെയിനിൽ ഇപ്പോൾ ഞങ്ങൾ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. ആളനക്കമൊന്നും കേൾക്കാനില്ല. 
ജമ്മുവിനെ കശ്മീർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേയുടെ ഭാഗമായി നിർമിച്ചതാണ് കട്ര വരെയുള്ള ട്രാക്ക്‌. കശ്മീർ താഴ്‌വരയിൽ ബാനിഹാൾ മുതൽ ശ്രീനഗർ- ബാരാമുള്ള വരേയുള്ള ട്രാക്കും പൂർത്തിയായിട്ടുണ്ട്‌. ഈ പാതയുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മന്മോഹൻ സിംഗ്‌ ആണ് നിർവഹിച്ചത്‌.


ഞങ്ങളുടെ യാത്രാസമയത്ത്‌ ഉദ്ദംപൂർ വരേയുള്ള ട്രാക്കും ബാനിഹാൾ മുതൽ ബാരാമുള്ള വരേയുള്ള ട്രാക്കും മാത്രമേ പൂർത്തിയായിട്ടുള്ളൂ. അതിനിടക്കുള്ള പീർ പാഞ്ചാൽ മലനിരകളെ തുളച്ചുകൊണ്ടാണ് ഇന്ത്യൻ റെയിൽ എഞ്ചിനീയറിംഗ്‌ ചരിത്രത്തിലെ അത്ഭുതമായേക്കാവുന്ന ബാനിഹാൾ തുരങ്കം പണിയുന്നത്‌.11കി.മി. നീളം വരുന്ന ഈ തുരങ്കം ലോകത്തിലെ ഏറ്റവും വലിയ റെയിൽ തുരങ്കങ്ങളിൽ ഒന്നായിരിക്കും. ചെനാബ് നദിക്കു കുറുകെ റയിൽവേ നിർമിക്കുന്ന ഒരു കിലോമീറ്ററിലധികം നീളവും 359 മീറ്റർ ഉയരവുമുള്ള പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലവുമായിരിക്കും. ഇതു പൂർത്തിയായാൽ ഇന്ത്യയുടെ ഏതുഭാഗത്തുനിന്നും തീവണ്ടിയിൽ കാശ്‌മീരിലേക്കുവരാം.

ജമ്മുവിൽ നിന്നും ഉദ്ദംപൂരിലേക്കുള്ള 53 കി.മി പാത മനോഹരമാണ്. കൊങ്കൺ റെയിൽവേയെ പോലെ നിരവധി തുരങ്കങ്ങളും പാലങ്ങളും നിറഞ്ഞതാണ് ഈ പാതയും. ചെറിയ അരുവികൾ, വെള്ളച്ചാട്ടങ്ങൾ, പുഴകൾ... പ്രകൃതിരമണീയമായ ദൃശ്യങ്ങളാണ് ഇരുവശത്തും. ഉദ്ദംപൂർ എത്താറായപ്പോഴേക്കും കാലാവസ്ഥക്കും പ്രകൃതിക്കും മാറ്റം വന്നപോലെ. പൈൻ മരക്കാടുകൾ കാണാൻ തുടങ്ങി. രാവിലെ ഒമ്പത് മണിയോടെ വണ്ടി ഉദ്ദംപൂർ സ്റ്റേഷനിൽ എത്തി.
വണ്ടിയിൽ അധികം യാത്രക്കാരില്ല. കുറച്ചുപട്ടാളക്കാരും ഞങ്ങളും മാത്രം. നല്ല വിശപ്പുണ്ട്‌. പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണം തേടിയലഞ്ഞു. ഒന്നും കിട്ടാനില്ല. സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി. ചുറ്റുവട്ട കാഴ്ചകൾ ആകെ മാറാൻ തുടങ്ങിയിട്ടുണ്ട്‌. എവിടേയും പട്ടാള സാന്നിധ്യം. ഇന്ത്യൻ സേനയുടെ നോർത്തേണ്‍ കമാന്റ് ഹെഡ് ക്വാട്ടേഴ്സ് ഇവിടെയാണ്. 

വഴിയിൽ എവിടെനിന്നെങ്കിലും ഭക്ഷണം കഴിക്കാം എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഒരു ടാക്സി പിടിച്ചു ജമ്മു- ശ്രീനഗർ NH1A ഹൈവേയിലൂടെ ശ്രീനഗറിലേക്ക്‌ തിരിച്ചു....

യാത്ര തുടർന്നു..

കൂടുതൽ ചിത്രങ്ങൾ 

Monday, July 27, 2015

യാത്രയിലെ കുഞ്ഞു 'ഹൃദയങ്ങൾ'


യാത്ര തുടങ്ങി ഒരുദിവസം കഴിഞ്ഞിട്ടും എ.സി കമ്പാർട്ടുമെന്റിലെ ആരും പരസ്പരം മിണ്ടുന്നില്ല. എല്ലാവരും എന്തോ കാര്യമായ ചിന്തയിലാണ്. യാത്ര ആസ്വദിക്കുന്നതായി ഞാനും കുടുംബവും മാത്രമാണെന്ന് തോന്നും.

കൂടെയുള്ള മൂന്നുവയസ്സുകാരൻ മകനും ദൂരെ ഒരു സീറ്റിലുള്ള സമപ്രായക്കാരനാണെന്ന് തോന്നിക്കുന്ന ഒരു കുഞ്ഞും തമ്മിൽ പരസ്പരം നോക്കിനിൽക്കാൻ തുടങ്ങിയിട്ട്‌ സമയം കുറേയായി. പിന്നെ അവൻ പതുക്കെ ഞങ്ങളുടെയടുത്തേക്ക്‌ നടന്നുവന്നു. മോന്റെ മുഖത്തുനോക്കിയൊന്നു ചിരിച്ചു, മകൻ തിരിച്ചും. നിമിഷങ്ങൾക്കകം അവർ കുട്ടികൾ കൂട്ടായി.. അവന്റെ സീറ്റിലേക്ക്‌ മോനെയും കൊണ്ട്‌ നടന്നു.. കൂടെ ഞാനും..
അവരും മലയാളികളാണ്..
ചിരിച്ചു.. പരസ്പരം സംസാരിക്കേണ്ടി വന്നു..

അതിനിടയ്ക്ക്‌ മകൻ തൊട്ടടുത്ത സീറ്റിലുള്ള അപ്പൂപ്പനോടും അമ്മൂമ്മയോടും സൗഹൃദത്തിലായി. ദില്ലിയിൽ ഉള്ള മകളുടെ അടുത്തേക്കുള്ള യാത്രയിലാണവർ. അവരോടും എനിക്ക്‌ സംസാരിക്കേണ്ടിവന്നു..

പക്ഷെ, അത്‌ വെറുതെയായില്ല. ഇന്ത്യൻ റയിൽവേയിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥനായി പിരിഞ്ഞ അദ്ദേഹത്തിന്റെ ചില ഉപദേശങ്ങൾ കാശ്മീർവരെയും തിരിച്ചും ഉള്ള യാത്രകളിൽ വലിയ ഉപകാരമായി. കാശ്മീരിലെ ചില യാത്രാപ്രതിസന്ധിഘട്ടങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആ അനുഭവ-ഉപദേശങ്ങൾ നിർണായകമായി സ്വാധീനിച്ചു.

വലിയ സഞ്ചാരികളാണെന്നും വിനയമുള്ള ശുദ്ധഹൃദയമുള്ളവരാണെന്നും സ്വയം തോന്നുമ്പോഴും കുഞ്ഞുങ്ങളുടെ അത്രപോലും എന്റെ 'ഹൃദയം' വളർന്നിട്ടില്ല എന്ന് ആ യാത്ര പഠിപ്പിച്ചു....  :)

യാത്ര തുടർന്നു... 

ഉത്തരേന്ത്യൻ ഗ്രാമഹൃദയങ്ങളിലൂടെ


ആദ്യമായി ഉത്തരേന്ത്യയിലേക്ക്‌ പ്രവേശിക്കുകയാണ്... ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലൂടെയാണ്  ട്രെയിൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. ദില്ലിയാണ് ലക്ഷ്യമെങ്കിലും ഇഷ്ടം ഗ്രാമങ്ങളോടായിരുന്നു... പലയിടത്തും ഗ്രാമഹൃദയങ്ങളിലൂടെ പതുക്കെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്‌.

ചില കുടിലുകളുടെ മുറ്റത്താണ് ട്രെയിൻ ട്രാക്ക്‌ ഉള്ളതെന്നു തോന്നും. തണൽ മരങ്ങൾക്കു കീഴെ വിശ്രമിക്കുന്ന ഗ്രാമീണരും മൃഗങ്ങളും. വീട്ടുമുറ്റത്തെ അടുക്കളയിൽ പാചകം ചെയ്യുന്ന അമ്മമാർ, അത്‌ നോക്കിയിരിക്കുന്ന കുഞ്ഞുങ്ങൾ...
സുരക്ഷിതമായും ക്ഷീണിക്കാതെയും നാടിനെ അറിയാൻ ട്രെയിനിനൊക്കുന്ന യാത്രാമാർഗം വേറെയൊന്നും ഇല്ലെന്ന് എനിക്കുറപ്പായി.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹരമായ കൃഷിയിടങ്ങൾക്കിടയിലൂടെ യാത്ര തുടരുകയാണ്...

More Photos 

കൊങ്കണ്‍ പാതയിലൂടെ


ട്രെയിനിലെ എ.സി. കമ്പാർട്ടുമെന്റിന്റെ ജനൽ ചില്ലുകളിലൂടെ പുറത്തെ കാഴ്ചകൾ ഒന്നും കാണാൻ സാധിക്കുന്നില്ലെങ്കിലും ഇടയ്ക്ക്‌ വാതിലിനടുത്ത്‌ പോയി പുറത്തേക്കൊന്നു നോക്കും. രസകരമാണ് കൊങ്കൺ വഴിയുള്ള യാത്ര. പാതയിലെ വലിയ തുരങ്കങ്ങളിൽ ട്രെയിൻ കയറുമ്പോൾ രാത്രിയായത്‌ പോലെ. തുരങ്കങ്ങളുടെ വശങ്ങളിൽ കത്തുന്ന വിളക്കിൽ നിന്നുള്ള വെളിച്ചം കമ്പാർട്ടുമെന്റിനുള്ളിൽ ഇടയ്ക്കിടക്ക്‌ മിന്നുന്നു. തുരങ്കങ്ങൾക്കുള്ളിൽ മഴപെയ്യുന്ന പോലെ വെള്ളം ഉറ്റി വീഴുന്നുണ്ട്‌. വശങ്ങളിലുള്ള ചെറിയ ചാലുകളിലൂടെ വെള്ളം ഒഴുകുന്നു.

ചെറുതും വലുതുമായ 91 തുരങ്കങ്ങളാണ് ഈ പാതയിൽ ഉള്ളത്‌. പാളങ്ങളിൽ മണ്ണിടിഞ്ഞുവീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വലിയ ഇരുമ്പു വലകൾകൊണ്ട്‌ സംരക്ഷണഭിത്തി ഒരുക്കിയിട്ടുണ്ട്‌.
കൊങ്കൺപാതയുടെ ശിൽപ്പിയായ ഇ.ശ്രീധരനെ മനസ്സിലോർത്തു.

ഗ്രാമങ്ങളും കൃഷിയിടങ്ങളും പുഴകളും അരുവികളും... മനോഹരമായ കാഴ്‌ചകൾ...
മൺസൂൺകാലമായതുകൊണ്ടായിരിക്കാം എവിടേയും പച്ചപ്പ്‌...
കേരളവും കർണാടകയും ഗോവയും മഹാരാഷ്ട്രയും കടന്ന് യാത്ര തുടരുകയാണ്...

കൂടുതൽ ചിത്രങ്ങൾ'മംഗള'യിലെ 'മംഗള'യാത്ര


കാശ്മീർ യാത്രയിൽ ശ്രീനഗറിലെ ഹോട്ടലിൽ നിന്നും പരിചയപ്പെട്ട ഗുൽസാർ തന്റെ വിവാഹത്തിനു ക്ഷണിച്ചുകൊണ്ട് വിളിച്ചപ്പോൾ മുതൽ മനസ്സ് വീണ്ടും യാത്രയിലാണ് ...
കുറച്ചുമുമ്പുണ്ടായ പ്രളയത്തിൽ അവന്റെ വീട് പൂർണമായും തകർന്നു,
പ്രിയപ്പെട്ട സഹോദരനും നിരവധി ബന്ധുക്കളും മരണപ്പെട്ടു. അന്ന് ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ പൂർണ്ണമായും വെള്ളത്തിലായി. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഈയടുത്താണ് താൽക്കാലിക വീട്ടിലേക്ക്‌ മാറിയതെന്നും അവൻ പറഞ്ഞു.

എന്തായാലും എന്റെ മനസ്സിപ്പോൾ യാത്രയിൽ ആണ്... പഴയ ഓർമകൾ..
ആദ്യമായി കുടുംബത്തോടൊപ്പം നടത്തുന്ന ഉത്തരേന്ത്യൻ യാത്ര. കന്യാകുമാരി സന്ദർശിച്ച ഉടനേ തുടങ്ങിയ മോഹമാണ് കാഷ്‌മീരിലും പോകണമെന്നത്‌...
നാടിനെ അടുത്തറിയാൻ ട്രെയിനിനൊക്കുന്ന യാത്രാമാർഗം വേറെയൊന്നും ഇല്ല. യാത്ര 'മംഗള'യിൽ തന്നെയെന്നു തീരുമാനിച്ചു. എ.സി. ഒഴിച്ചുള്ള ടികറ്റുകളൊന്നും ഇല്ല. കുടുംബം കൂടെയുള്ളതുകൊണ്ട്‌ എ.സി. തന്നെയെടുത്തു. ..

കോഴിക്കോട്‌ നിന്നും യാത്ര തുടങ്ങി...
എ.സി. കമ്പാർട്ടുമെന്റിലെ സീറ്റിലിരുന്നു ജനൽകർട്ടൻ പതുക്കെ നീക്കി... ചില്ലിനുള്ളിലൂടെ പുറത്തേക്ക്‌ നോക്കി.. ഒന്നും കാണുന്നില്ല...! ഒന്നും..! ആകെ ഒരു മൂടൽമഞ്ഞു പോലെ.. കമ്പാർട്ടുമെന്റിലെ ഏകദേശം എല്ലാ ജനലുകളും അങ്ങനെത്തന്നെ..
പുറത്ത്‌ രാവാണോ പകലാണോ എന്നറിയണമെങ്കിൽ വാതിലിൽ പോയി നോക്കണം...

എ.സി. ആയതുകൊണ്ടായിരിക്കണം, കൂടെയുള്ള മറ്റുയാത്രക്കാരൊക്കെ ഗൗരവത്തിലാണ്... ആരും ഒന്നും മിണ്ടുന്നില്ല... ദില്ലിയിൽ എത്തുന്നതുവരെ നിശബ്ദത... ഇരുട്ട്‌...

എന്നാലും പുറത്തു പെയ്യുന്ന ചാറ്റൽ മഴത്തുള്ളികൾ ജനൽ ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന ദൃശ്യം ... എത്ര മനോഹരമായിരുന്നു ...

യാത്ര തുടരും .....

മഴയിൽ കക്കാടംപൊയിലിൽപെരുന്നാളിന്റെ അവധിയിൽ പെട്ടെന്ന് പോയിവരാൻ പറ്റുന്ന എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നതിനു മുന്നേ മനസ്സിൽ വന്നത്‌ കക്കാടംപൊയിൽ ആണ്. ഇതിനു മുമ്പ്‌ എത്രയോതവണ പോയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും പോകാൻ തോന്നും. നാടിനു തൊട്ടടുത്തായതുകൊണ്ട്‌ മാത്രമല്ല, എന്തോ ഒരു പ്രണയം ഈ 'ഹരിത ഭൂമി'യോട്‌. 
ഇപ്പോൾ പുറംലോകം അധികം കാണാതെ കാത്തുവെച്ചിരിക്കുന്ന സൗന്ദര്യ മുഖമായ കക്കാടംപൊയിൽ കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിൽ ആണ്.

അരീക്കോട്‌-മുക്കം റോഡിൽ നിന്നും തിരിഞ്ഞ്‌  - തോട്ടുമുക്കം-ചുണ്ടത്തുപൊയിൽ - പീടികപ്പാറ - കള്ളിപ്പാറ വഴിയാണ് കക്കാടംപൊയിൽ എത്തിയത്‌. 
തിരക്കൊഴിഞ്ഞ വഴികൾ. കുടിയേറ്റ കാർഷിക മേഘലയാണിത്‌. മഞ്ഞളിപ്പ്‌ ബാധിച്ച കവുങ്ങുകളും തല പോയ  തെങ്ങുകളും വഴിയരികിൽ ധാരാളമായി കാണാം. ഈ പ്രദേശത്തെ കാർഷികരംഗം പ്രതിസന്ധിയിൽ ആണ്. ടൂറിസം രംഗത്താണ് ഇനി പ്രതീക്ഷ. 
കോഴിപ്പാറ വെള്ളച്ചാട്ടം ഇവിടെയാണ്. 

കനത്ത മഴയാണ്.. വാഹനം പതുക്കെയാണ് ഡ്രൈവ്‌ ചെയ്യുന്നത്‌. ഇടയ്ക്ക്‌ നിലമ്പൂരിൽ നിന്നുള്ള കെ.എസ്‌.ആർ.ടി.സി ബസ്സുകൾ എതിർദിശയിൽ വരുന്നു. ഇപ്പോൾ കക്കാടംപൊയിൽ - നിലമ്പൂർ മലയോര ഹൈവേയിലൂടെയാണ് യാത്ര. കോട മൂടിയ വഴികൾ. ഇടക്കമിറങ്ങി മൂലേപ്പാടം പാലത്തിനടുത്ത്‌ വാഹനം നിർത്തി. പുഴ കുതിച്ചൊഴുകുകയാണ്. ചൂണ്ടയിട്ട്‌ ചെറിയൊരു  മീൻപിടുത്തം കഴിഞ്ഞ്‌ യാത്ര തുടർന്നു. അകമ്പാടം വഴി നിലമ്പൂരിലേക്ക്‌. തിരിച്ച്‌ നാട്ടിലേക്ക്‌ എടവണ്ണ- ഒതായി- ചാത്തല്ലൂർ- വെറ്റിലപ്പാറ- തെരട്ടമ്മൽ വഴി അരീക്കോട്ടേക്ക്‌...  മനോഹരമായ നാട്ടു-കാട്ടു പാതകൾ... മറക്കാനാവാത്ത അനുഭവം... 
Related Posts Plugin for WordPress, Blogger...