Monday, May 11, 2015

മാതൃദിന സങ്കടവും സന്തോഷവും


കാറ്റിൽ ഒടിഞ്ഞ ഒരു വാഴയിലെ നല്ല മൂപ്പെത്തിയ വാഴക്കുല വെട്ടാൻ വേണ്ടി ചെന്നതാണ്. കായ്കൾക്കിടയിൽ ഒരു പക്ഷിക്കൂട് ! അടുത്തേക്ക് ചെന്നപ്പോൾ കൂട്ടിൽനിന്നും ഒരു പക്ഷി പറന്നുപോയി. കൂട്ടിൽ തൂവൽവന്നിട്ടില്ലാത്ത ചെറിയ രണ്ട് കുഞ്ഞുങ്ങളും! . വാഴക്കുല ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. ചെറിയൊരു കാറ്റടിച്ചാൽ തറയിൽ പതിക്കും. കൂടെ പക്ഷിക്കൂടും. കുല വെട്ടുന്നത് തൽക്കാലം മാറ്റിവെച്ചു. തറയിൽ പതിക്കാതിരിക്കാൻ വേണ്ടി രണ്ട് നല്ല തൂണിൽ വാഴക്കുല താങ്ങിനിർത്തി.

എല്ലാ ദിവസവും പോയി നോക്കും. അമ്മയും കുഞ്ഞുങ്ങളും സന്തോഷമായി കഴിയുന്നു. ഒരാഴ്ച്ച കഴിഞ്ഞു. കായകൾ ഓരോന്നായി മഞ്ഞ നിറമായി, പഴുക്കാൻ തുടങ്ങി. പക്ഷെ ഒന്നും ചെയ്തില്ല. പക്ഷിയും കുഞ്ഞുങ്ങളും സ്വയം ഒഴിഞ്ഞുപോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതി കാത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പോയില്ല.

 'മാതൃദിന'പുലരി. അയൽവാസി മുഹമ്മദ്ക്ക വീട്ടിൽ വന്ന് പറഞ്ഞു. വലിയൊരു വാഴക്കുല മുഴുവനായും പറമ്പിൽ പഴുത്തു നിൽക്കുന്നു.
ചെന്ന് നോക്കിയപ്പോൾ.. പഴുപ്പ് കൂടിയ പൂവൻ വാഴപ്പഴം അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു. പഴങ്ങളുടെ കൂടെ പക്ഷിക്കൂടും വീഴാറായി നിൽക്കുകയാണ്.
ഇനി രക്ഷയില്ല. കുല വെട്ടി. തള്ളപ്പക്ഷിയും കൂട്ടുകാരും അടുത്തുള്ളൊരു മരത്തിലിരുന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങി. കുഞ്ഞുങ്ങൾ നിശബ്ദരായി കൂട്ടിൽ കിടക്കുന്നു. പതുക്കെ കൂടെടുത്ത്, തൊട്ടടുത്തുള്ള ഒരു തൈവാഴയിൽ സുരക്ഷിതമാക്കി വെച്ചു. മറ്റു ജീവികൾ കാണാതിരിക്കാൻ വേണ്ടി ഓലകൊണ്ടൊരു മറവുണ്ടാക്കി.

ദൂരെ മാറിനിന്നു നിരീക്ഷിച്ചു. ഉടനെ അമ്മക്കിളി വന്നു. കൂട് കണ്ടെത്തി, കുഞ്ഞുങ്ങളേയും. കൂട്ടിൽ കുഞ്ഞുങ്ങളുടെ അടുത്ത് കയറിക്കിടന്നു. കൂട്ടുകാർ സന്തോഷത്തോടെ കൂടിനു ചുറ്റും പാറിനടന്നു.

അങ്ങനെ മാതൃദിനത്തിൽ (10/5/15) ഒരു അമ്മയുടെ സങ്കടത്തിനും സന്തോഷത്തിനും സാക്ഷിയായി.

( ഇന്ന് രാവിലേയും (11/5/15) പോയി നോക്കി. കൂട്ടിൽ അമ്മയും കുഞ്ഞുങ്ങളും സുരക്ഷിതരാണ്.)  
Related Posts Plugin for WordPress, Blogger...