Saturday, March 28, 2015

കോട്ടക്കൽ ആട്ടീരി വഴി വേങ്ങരയിലേക്ക്‌

27/3/2015- വൈകുന്നേരം 4 മണിക്ക്‌ യാത്ര തുടങ്ങി. കോട്ടക്കൽ മാർക്കറ്റിനു പിറകിലൂടെയുള്ള റോഡ്‌ വഴി ( KSEB ഓഫീസ്‌ ) തിരിഞ്ഞു. റോഡരികിൽ ഒരു കൂട്ടം നായകൾ ഒരു ചെറിയ പൂച്ചയെ ആക്രമിക്കുന്നത് കണ്ടു. ബൈക്ക് നിർത്തുന്നതിനു മുമ്പേ അവർ പൂച്ചയേയും കടിച്ച് തൊട്ടടുത്ത പറമ്പിലേക്ക് ഓടി. തെരുവ് നായ്ക്കളുടെ ശല്ല്യം.. പാവം പൂച്ച...

പഴയ ഒരു കെട്ടിടവും തപാൽ പെട്ടിയും , പാലാണിയിൽ നിന്നും 

4.10 ആട്ടീരിയിൽ. റോഡരികിലുള്ള പഞ്ചായത്ത്‌ കുളത്തിന്റെ അരിക്‌ കെട്ടുന്ന പണിനടക്കുന്നു. നല്ല റോഡ്‌. വാഹനത്തിരക്കില്ല. ആട്ടീരി ചെറിയൊരു അങ്ങാടിയാണ്.  റോഡിൽ ചെറിയൊരു ഇറക്കവും കയറ്റവും. ഇരുവശത്തും വിശാലമായ വയലുകൾ. കപ്പയും പച്ചക്കറികളും ധാരാളമായി കൃഷിചെയ്തിരിക്കുന്നു. പഴമയിൽ നിന്നും പുതുമയിലേക്ക്‌ മാറാനുള്ള ഒരുക്കത്തിലാണ് അങ്ങാടികളിലെ കെട്ടിടങ്ങൾ. 4.20 കുഴിപ്പുറം. വേങ്ങര-ഒതുക്കുങ്ങൽ റോഡിലേക്ക്‌ പ്രവേശിച്ചു. കുഴിപ്പുറം അങ്ങാടിയിൽ തന്നെയാണ് GMLP സ്കൂൾ. വേങ്ങര റോഡിലൂടെ യാത്ര തുടർന്നു. വലതുവശത്ത്‌ കുഴിപ്പുറം ജുമാ മസ്ജിദ്‌. പള്ളിയുടെ ഗേറ്റും കെട്ടിടവും മനോഹരം. ചുറ്റും പള്ളിക്കാടും ഖബറുകളും. എനിക്കു മുമ്പേ യാത്രയായവർ. ചെറിയൊരു ഇറക്കം. മുമ്പിൽ കുഴിപ്പുറം കടവ് പാലം. കടലുണ്ടിപ്പുഴക്കു കുറുകെയാണ് ഈ പാലം.

 ആട്ടീരി അങ്ങാടി

 കോട്ടക്കൽ- ആട്ടീരി- വേങ്ങര റോഡ്‌

 കുഴിപ്പുറം സ്കൂൾ

 കുഴിപ്പുറം  പാലം

 കുഴിപ്പുറം പള്ളി 

കുഴിപ്പുറം അങ്ങാടി

ഒരു വളവ്‌ കഴിഞ്ഞാൽ ഇരിങ്ങല്ലൂർ അങ്ങാടി. ഇവിടെനിന്നും പറപ്പൂർ വഴി കോട്ടക്കലിലേക്ക്‌ പോകാം. അങ്ങാടിയിലെ ചെറിയൊരു കടയിൽ നിന്നും നാരങ്ങാവെള്ളം കുടിച്ചു. അങ്ങാടിയിൽ പഴയതും പുതിയതുമായ കെട്ടിടങ്ങൾ,കടകൾ. നേരെ വേങ്ങര റോഡിലൂടെ യാത്ര തുടർന്നു. പിന്നെ ചെറിയൊരു അങ്ങാടി - പാലാണി. പഴയൊരു കെട്ടിടവും തപാൽ പെട്ടിയും ക്യാമറയിൽ പകർത്തി.  മുന്നിൽ പാലാണി ജുമാമസ്ജിദ്‌. കോട്ടപ്പറമ്പു വഴി തുടർന്നു.

 പഴയൊരു കെട്ടിടം - ഇരിങ്ങല്ലൂർ 

 പഴയൊരു കെട്ടിടം - പാലാണി

കുറ്റാളൂർ ( മലപ്പുറം റോഡിൽ ) വേങ്ങര

അമ്മാഞ്ചേരിക്കാവ്‌ താലപ്പൊലിയുത്സവത്തിന്റെ ഭാഗമായി നടന്ന കാളവരവ്‌

4.45 ന് വേങ്ങര-മലപ്പുറം റോഡിലെ കുറ്റാളൂരിൽ GVHS സ്കൂളിനു സമീപം എത്തി. ഇവിടെ നിന്നും ഇടത്തോട്ട്‌ 1.5km പോയാൽ വേങ്ങര ടൗൺ. വലത്തോട്ട്‌ മലപ്പുറം. കുറ്റാളൂരിൽ എത്തിയപ്പോൾ അമ്മാഞ്ചേരിക്കാവ്‌ താലപ്പൊലിയുത്സവത്തിന്റെ ഭാഗമായി നടന്ന കാളവരവ്‌ കണ്ടു.

Monday, March 23, 2015

മയിലുകളാടുന്ന തെങ്ങിൻതോപ്പിൽ22/03/2015- രാവിലെ 6 മണിക്കു തന്നെ 'വാഗണ്‍ ആർ' കാറിൽ  യാത്ര തുടങ്ങി. പുലർകാല മഞ്ഞു പുതച്ച വഴികൾ... മലയാറ്റൂർ തീർഥാടകരും മദ്രസ്സ വിദ്യാർഥികളും റോഡരികിലൂടെ നടന്നുപോകുന്നത് കണ്ടു. വാലില്ലാപുഴ- മുക്കം റോഡിൽ കറുത്തപറമ്പിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞു.  തകർന്നു കിടക്കുന്ന  ചെറിയ റോഡിലൂടെ... മൂലിക്കാവ് , കരിങ്കുറ്റി വഴി. 
ഈ വഴിയിൽ ഉള്ള കരിങ്കൽ ക്വാറികളിലേക്കുള്ള വലിയ ലോറികളുടെ ഗതാഗതം കാരണം റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.


ഒറ്റപ്പെട്ട വീടുകൾ .. ഇരുവശവും റബ്ബർ തോട്ടങ്ങൾ ... മൈസൂർ പെറ്റ മലയുടെ ഒരു വശത്തിലൂടെയാണ് യാത്ര ...
ദൂരെ  ഗ്രാമങ്ങളും വലുതും ചെറുതുമായ കെട്ടിടങ്ങളും ... അകലെ കാണുന്ന ജലാശയം ചാലിയാറാണെന്ന് തോന്നുന്നു...
യാത്ര തുടർന്നു .. പൊട്ടിപ്പൊളിഞ്ഞ വഴികൾ ... ജീപ്പുകൾക്കു മാത്രം സഞ്ചാരയോഗ്യമായ വഴികളിലൂടെയാണു കാർ തട്ടിയും മുട്ടിയും പോകുന്നത്.


അവസാനം ലക്ഷ്യസ്ഥാനത്തെത്തി. ഇടതുവശം മനോഹരമായ തെങ്ങിൻ തോപ്പ്..  ഞങ്ങൾ എത്തിയതു കണ്ട് അയൽവാസി രവിയേട്ടൻ വന്നു..
തെങ്ങിൽ നിന്നും ഇളനീർ പറിച്ചു കുടിച്ചു.. പെട്ടെന്ന് പരിചിതമാല്ലാത്ത ഒരു ശബ്ദം.. അത് മയിലിന്റെ ശബ്ദമാണെന്നു രവിയേട്ടൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത് . ശബ്ദം കേട്ട ദിക്കിലേക്ക് നടന്നപ്പോൾ അതാ  ഒരാണ്‍മയിൽ! പറമ്പിൽ പലയിടങ്ങളിലും ചെറിയ കുഴികൾ .. ആദിവാസികൾ ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ വേണ്ടി കുഴിയെടുത്തതാണ് . ഇങ്ങനെയെടുത്ത ഒരു കുഴിയിൽ തേനീച്ചകൾ കൂടു കൂട്ടിയതും കണ്ടു.പലയിടത്തും വലിയ വീടുകൾ ആളൊഴിഞ്ഞ നിലയിൽ. മുമ്പിൽ ഒരു കാലത്ത് നാട്ടുകാർക്ക് എല്ലാമെല്ലാം ആയിരുന്ന മാമച്ചന്റെ വീട്. ( കോട്ടയം സ്വദേശിയായിരുന്നു. ഈയടുത്ത് അന്തരിച്ചു.)   പഴയ കാലത്ത് തെക്കൻ ജില്ലകളിൽ നിന്നും മലബാറിലേക്ക് കുടിയേറിയവർ വീടും പറമ്പുമൊക്കെ വിറ്റൊഴിവാക്കി നാട്ടിലേക്കു തന്നെ മടങ്ങിയതാണ്.  എന്തെല്ലാം കഥകൾ പറയാനുണ്ടാകും ഈ വീടുകൾക്കും പറമ്പുകൾക്കും....

മൂന്നു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വീട്ടിലേക്കു മടങ്ങി.

Saturday, March 21, 2015

ഇമ്പമുള്ള യാത്ര - കുടുംബ യാത്ര


www.saifintravel.com ബ്ലോഗിന്റെ പ്രകാശനം എന്റെ ഉമ്മ ( ആയിഷ കാരങ്ങാടൻ ) നിർവഹിക്കുന്നു 

കുടുംബത്തോടൊത്ത് കളിതമാശകളിലും മറ്റും ഏര്‍പെടുന്നത് മോശമായി കാണുന്നവരുണ്ടെങ്കിലും പറ്റുന്ന ഇടങ്ങളിലൊക്കെ കുടുംബ സമേതമാണ് ഞങ്ങളുടെ യാത്ര ... രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഞങ്ങൾ കുടുംബ സമേതം യാത്ര ചെയ്തിട്ടുണ്ട്. ബാപ്പയും ഉമ്മയും നല്ല യാത്രാപ്രിയരാണ്. മഴയത്തും വെയിലത്തും  കടലിലേക്കായാലും മലമുകളിലേക്കായാലും ഭാര്യയും നാലുവയസ്സുകാരൻ മകനും അനിയനും എപ്പോഴും  യാത്രക്കു തയ്യാർ ... 


ഞാനും ഉമ്മയും ബാപ്പയും ( അബ്ദുറഹ്മാൻ കാരങ്ങാടൻ )

ജോലിയും മറ്റും ആയി ബന്ധപ്പെട്ട കടുത്ത മാനസിക പിരിമുറുക്കത്തിനിടയില്‍ തണലും ആശ്വാസവുമേകുന്നതും ഇത്തരത്തിലുള്ള യാത്രകളാണ്. ഖുര്‍ആന്‍ യാത്രക്ക്  കൂടുതല്‍ പ്രേരണ നല്‍കി. 'പറയുക. നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക.' (6:11).  പ്രവാചകൻ മുഹമ്മദ്‌ നബി (സ) ഭാര്യ  ആയിശ (റ)യോടൊന്നിച്ച് രാത്രിയില്‍ സംസാരിച്ച് നടക്കാറുണ്ടായിരുന്നുവെന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു. മനോഹരമായ കാഴ്ചകൾ , പ്രകൃതി ദൃശ്യങ്ങൾ ഇവയൊക്കെ  ഹൃദയത്തില്‍ പ്രകാശവും ഉന്മേഷവും സജീവതയും പടര്‍ത്തുന്നു. 


കുടുംബത്തോടൊപ്പം മൂന്നാറിലെ ചൊക്രമുടിക്കു മുകളിൽ .. നീലക്കുറിഞ്ഞികൾക്കിടയിൽ 


കുടുംബത്തോടൊപ്പം പത്തനാപുരം അരിമ്പ്രകുത്ത് ഫോറസ്റ്റിൽ 


ഞാനും ബാപ്പയും 

ദൈവ സൃഷ്ടിപ്പും പ്രകൃതിയും കാണുകവഴി മനുഷ്യന്‍ അവന്റെ സൃഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുന്നു. യാത്രകള്‍ മനുഷ്യന് അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് കൊടുക്കുന്നു. മനുഷ്യ ജീവിത്തിന്റെ അനിവാര്യ ഘടകമാണ് യാത്ര.  

ഞങ്ങൾ യാത്ര തുടരുന്നു...  പ്രാർഥനയോടെ .... 

ജീവിതയാത്ര

ജീവിതയാത്രയിൽ കാണുന്ന, പിറകിലേക്ക് മിന്നി മറയുന്ന ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം...
മരണയാത്രയുടെ കവാടത്തിൽ എത്തുന്നതുവരെ ഇത് തുടരണമെന്നാണ് ആഗ്രഹം...
ദേശാടനക്കിളികളെ പോലെ അനുഭവങ്ങൾ തൊട്ടറിഞ്ഞ യാത്രകൾ...

വിശ്വാസത്തിന്റെ കവചം ധരിച്ചവൻ 
ശക്തനും സുരക്ഷിതനുമാണ് - രവീന്ദ്ര നാഥ ടാഗോർ 

യാത്രയിലെ വലുതും ചെറുതുമായ പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകാൻ കരുത്തു നൽകിയത് ഇങ്ങനെ ഒരു വിശ്വാസമാണ്. സൃഷ്ടാവായ സർവശക്തന്റെ കാവൽ എപ്പോഴും ഉണ്ട് എന്ന വിശ്വാസം ...

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''തങ്ങള്‍ക്ക് മേലുള്ള ആകാശത്തെ എങ്ങനെയാണ് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന് അവര്‍ നോക്കുന്നില്ലേ? അതിന് യാതൊരു വിടവ് പോലും ഇല്ല. ഭൂമിയെ നാം വിശാലമാക്കുകയും അവയില്‍ പര്‍വതങ്ങള്‍ സ്ഥാപിക്കുകയും മനോഹരവും ഇണകളുളളതുമായ വിധത്തില്‍ നാം അവയില്‍ ചെടികള്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (ഖാഫ് 6) 


ഇപ്രകാരം ദൈവം അലങ്കരിച്ച പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുന്നതിനും ആനന്ദിക്കുന്നതിനുമായി ചുറ്റി സഞ്ചരിക്കുന്നതിന് സിയാഹ (ഉല്ലാസയാത്ര) എന്നാണ് അറബിയില്‍ പറയാറ്.  'ഭൂമിയിലൂടെ സുഗമമായി ഒഴുകുക' എന്നാണ് ഈ അറബി പദത്തിന്റെ അർഥം . മനോഹരമായ പുഴകളും അരുവികളും പ്രകൃതിക്ക് കുളിർമ പ്രദാനം ചെയ്യുന്നത് പോലെ, യാത്രകള്‍ നമ്മുടെ ഹൃദയത്തിനും കുളിരും സന്തോഷവും ആകണം. മാത്രമല്ല, ഭൂമിയില്‍ ജലം അരുവിയായൊഴുകുന്നത് പോലെ അല്ലാഹുവിന്റെ ഭൂമിയില്‍ വിശ്വാസിക്ക് യഥേഷ്ടം സഞ്ചരിക്കാവുന്നതാണ് എന്ന് കൂടി ഇതില്‍ നിന്നും മനസ്സിലാക്കാം. 
Related Posts Plugin for WordPress, Blogger...