Saturday, October 31, 2015

ആപ്പിൾ തോട്ടങ്ങളിലൂടെ


രാജ്യത്തിന്റെ തനതായ കാലാവസ്ഥാ രൂപീകരണത്തിൽ  പ്രധാന പങ്കുവഹിക്കുന്ന ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര തുടരുകയാണ്. ജൈവവൈവിധ്യത്തിന്റെ കലവറയിലൂടെ, ഹിമഗിരികളുടെ താഴ്‌വാരങ്ങളിലൂടെയുള്ള കറക്കം. ആപ്പിൾ വിളയുന്നകാലം നോക്കിയാണ് യാത്ര. ആപ്പിൾ മരത്തിൽ കയറി ആപ്പിൾ പറിക്കണം... മതിയാവോളം തിന്നണം എന്നൊക്കെയുണ്ട്‌ മനസ്സിൽ.


ഉധംപൂരിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്ര. പൊടിപറക്കുന്ന റോഡ്‌. ജവഹർ ടണലും കടന്ന് വാഹനം കശ്മീർ താഴ്‌വരയോട്‌ അടുക്കുകയാണ്. കേരളത്തിലെ വഴിയോരങ്ങളിൽ തെങ്ങുകൾ നിറഞ്ഞിരിക്കുന്നപോലെ കശ്മീരിൽ എവിടെ നോക്കിയാലും ആപ്പിൾ മരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്ര.

റോഡിന്റെ ഇരുവശങ്ങളിലേക്കും നോക്കിയിരിന്നു. ഒന്നും കണ്ടില്ല. അവസാനം ഞങ്ങളുടെ പഞ്ചാബി ഡ്രൈവറോട്‌ ആപ്പിൾ മരങ്ങൾ കണ്ടാൽ ഒന്ന് നിർത്തി കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർ കേട്ടഭാവം കാണിച്ചില്ല. വാഹനത്തിൽ പാടിക്കൊണ്ടിരുന്ന ഏതോ ഹിന്ദി പാട്ടിൽ ലയിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് തോന്നി.
പൊട്ടിപ്പൊളിഞ്ഞ റോഡിലെ ഗതാഗതക്കുരുക്ക്‌ കാരണം വാഹനം പതുക്കെയാണ് പോകുന്നത്‌. റോഡരികിലെ ഒരു ചെരിവിലുള്ള ആപ്പിൾ മരം ഡ്രൈവർ കാണിച്ചു തന്നു. നിറയെ കായ്കളുണ്ട്‌. പക്ഷെ കണ്ടാൽ ആപ്പിളാണെന്ന് തോന്നില്ല. മരവും ഇലയും കായ്കളും മുഴുവൻ പൊടികൊണ്ട്‌ മൂടിയിരിക്കുന്നു. ശരിയായി കാണുന്നതിനു മുമ്പേ വാഹനം നീങ്ങിത്തുടങ്ങി.

ചെറിയ ചാറ്റൽ മഴ. കശ്മീരിലെ കാലാവസ്ഥ ഏതുസമയവും മാറിമറിയാനും വഴി തടസ്സപ്പെടാനും സാധ്യതയുണ്ട്‌. നേരം ഇരുട്ടുന്നതിനു മുമ്പേ ഞങ്ങളെ ശ്രീനഗറിൽ എത്തിക്കുകയാണ് ഡ്രൈവറുടെ ലക്ഷ്യമെന്ന് തോന്നുന്നു.
വേഗത്തിലോടുന്ന വണ്ടിയിലിരുന്ന് ഞങ്ങൾ ഒറ്റപ്പെട്ട്‌ നിൽക്കുന്ന ചില ആപ്പിൾ മരങ്ങളെ കണ്ടു.

ശ്രീനഗറിലെത്തി രണ്ടാം ദിവസം. കശ്മീർ താഴ്‌വരയിലൂടെയാണ് ഇനി യാത്ര. പഹൽഗാമിലേക്കുള്ള വഴി. റോഡരികിലെ ഒരു കടയിൽ ചായകുടിക്കാനിറങ്ങി. എതിർ വശത്ത്‌ ആപ്പിൾ തോട്ടം! അകത്തേക്ക്‌ കയറാൻ ഉടമസ്ഥൻ അനുവദിച്ചില്ല. ഡ്രൈവർ ഞങ്ങളെ തിരികെ വിളിച്ചു. ഏതാനും ദൂരം പിന്നിട്ടപ്പോൾ കായ്ച്ചുനിൽക്കുന്ന ആപ്പിൾ മരത്തോട്ടങ്ങൾക്കിടയിലൂടെയായി യാത്ര.


റോഡരികിലെ ഒഴിഞ്ഞൊരിടത്ത്‌ വലിയൊരു ആപ്പിൾതോട്ടത്തിനരികിൽ വാഹനം നിർത്തി. ചെറിയൊരു അരുവിയിൽ നിന്നും ആപ്പിളുകൾ കഴുകിയെടുക്കുന്ന ഒരു കശ്മീരി ബാലനെ കണ്ടു. പറിച്ചെടുത്ത ആപ്പിളുകൾ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ടി വാഹനത്തിൽ കയറ്റുന്ന തിരക്കിലാണ് തോട്ടമുടമകൾ.

തോട്ടത്തിലേക്ക്‌ പ്രവേശിക്കുന്നതിന് പ്രശ്നമൊന്നും ഇല്ലെന്ന് ഡ്രൈവർ പറഞ്ഞ ഉടനെ ഞങ്ങൾ ഓടിക്കയറി. വലിയൊരു കമ്പിൽ പ്ലാസ്റ്റിക്‌ കപ്പുകൾ കെട്ടി ശബ്ദമുണ്ടാക്കി പറവകളെ ആട്ടിയകറ്റുകയാണ് ഒരാൾ. ആപ്പിളുകളുടെ ഭാരം മൂലം മരക്കൊമ്പുകൾ പൊട്ടിവീഴാതിരിക്കാൻ താങ്ങുകൾ കൊടുത്തിട്ടുണ്ട്‌.

സ്വപ്നങ്ങളിൽ കണ്ട ആപ്പിൾ തോട്ടമിതാ കൺ മുമ്പിൽ...! കയ്യെത്തും ദൂരത്ത്‌... ! പറിക്കാൻ തോട്ടമുടമയോട്‌ അനുവാദം ചോദിച്ചു. ചെറുചിരിയോടെ അദ്ദേഹം സമ്മതിച്ചു.  വിവിധ നിറങ്ങളിൽ ... വിവിധ രുചികളിലുള്ള ആപ്പിളുകൾ... ചെറുതും വലുതുമായ മരങ്ങളിൽ നിന്നും ഞങ്ങൾ മതിയാവോളം പറിച്ചുതിന്നു....

കശ്മീരിന്റെ ഹിമക്കുളിരിലെ രുചിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞങ്ങളൊക്കെ സുന്ദരന്മാരും സുന്ദരിമാരുമായി മാറിയിരുന്നു... ആപ്പിളുപോലെ ശുദ്ധവും മനോഹരവും രുചികരവുമായ ഒരു കൂട്ടം ഹൃദയങ്ങളുടെ ഉടമകൾ.. 

Friday, October 30, 2015

ഹിമഗിരിനിരകളിലൂടെ


മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഗിരിനിരകൾ കാണാൻ തന്നെയായിരുന്നു യാത്ര... ഗുൽമാർഗിലെ അഫർവത് കൊടുമുടിയിൽ നിന്നും നംഗപർവതം കാണാൻ സാധിക്കുമെന്ന് കേട്ടിരുന്നു. മഞ്ഞുകാലമല്ലാത്തതിനാൽ മലമുകളിലേക്കുള്ള കേബിൾകാർ സർവീസ്‌ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഞങ്ങൾ മലമുകളിലേക്ക്‌ നടന്നുകയറാൻ തീരുമാനിച്ചു.
പൈൻമരക്കാടുകൾക്കിടയിലൂടെ ചെറിയ കുടിലുകൾ പിന്നിട്ട്‌ കയറ്റം കയറിത്തുടങ്ങി. വഴിയരികിലെ ഒരുവീട്ടിൽ നിന്നും പരിചയപ്പെട്ട കശ്മീരി യുവാവ്‌ മജീദും ഞങ്ങളോടൊപ്പം ഉണ്ട്‌.

മജീദ്‌ മറ്റെന്തോ ആവശ്യത്തിനായാണ് മലകയറുന്നത്‌. പൈൻ മരക്കാടുകൾ അവസാനിച്ചു. വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ പുൽമേടുകളിലൂടെയാണ് നടത്തം. കുത്തനെയുള്ള കയറ്റം. ഏതുസമയവും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മണ്ണും കല്ലും നിറഞ്ഞ വഴികൾ. കയറ്റം കൂടുന്തോറും ക്ഷീണം അനുഭവപ്പെടാൻ തുടങ്ങി. ഇനി യാത്ര തുടർന്നാൽ അപകടമാകുമെന്ന് മജീദ്‌ മുന്നറീപ്പ്‌ നൽകുന്നുണ്ട്‌. രണ്ട്‌ കാരണങ്ങളാണ്. ഒന്ന്- ഉയരങ്ങളിൽ ഓക്സിജന്റെ അഭാവം മൂലം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. രണ്ട്‌- പരിചയമില്ലാത്ത ഈ ഇടങ്ങളിലൂടെയുള്ള അന്യദേശക്കാരുടെ യാത്ര സുരക്ഷാസൈനികർക്ക്‌ ഇഷ്ടമല്ല.
 മുകളിലേക്ക്‌ നോക്കുമ്പോൾ അഫർവ്വത്‌ കൊടുമുടി ഒരു രാക്ഷസനെപ്പോലെയങ്ങനെ നിൽക്കുകയാണ്. എങ്ങനെയെങ്കിലും യാത്ര തുടരണമെന്നായിരുന്നു ഞങ്ങൾക്ക്‌. ഓക്സിജന്റെ കുറവുമൂലമുള്ള പ്രശ്നം ഇടയ്ക്കിടയ്ക്ക്‌ വിശ്രമിച്ച്‌ പരിഹരിക്കാമെന്ന് മജീദ്‌ പറഞ്ഞു. സൈനികപ്രശ്നം വരും പോലെ പരിഹരിക്കാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ യാത്ര തുടർന്നു. പുൽമേടുകളിൽ ആടുകളെ മേയ്ച്ചുകൊണ്ട്‌ ബെക്കർവ്വാളുകളെ കണ്ടു. മലമുകളിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്. നല്ല ക്ഷീണമുണ്ട്‌. ദൂരെ നിന്നും ഞങ്ങളുടെ നേരെ നാല് പട്ടാളക്കാർ നടന്നുവരുന്നതായിക്കണ്ടു. എന്റെയുള്ളിൽ  ചെറിയൊരു ഭയമുണ്ട്‌. എന്തും നേരിടാൻ തയ്യാറായി നിന്നു. അവർ അടുത്തേക്കെത്തി. മജീദിനോട്‌ എന്തൊക്കെയോ ചോദിച്ചു. ഞങ്ങൾക്കിനി മുകളിലേക്ക്‌ യാത്ര തുടരാനനുവാദമില്ലെന്നും പറഞ്ഞ്‌ മജീദ്‌ അവരുടെ കൂടെ മലകയറിപ്പോയി. 

ഇതുവരെ മലമുകൾ ലക്ഷ്യം വെച്ചായിരുന്നു നടത്തം. വന്ന വഴിയിലേക്കൊന്ന് നോക്കി. കയറിവരുമ്പോൾ ദുർഘടം പിടിച്ചിരുന്ന പാതകൾ കാണാൻ ഇപ്പോഴെന്ത് ഭംഗി!  കഴിഞ്ഞുപോയ പ്രയാസങ്ങളൊക്കെ ഇപ്പോഴോർക്കുമ്പോൾ ഒരു സുഖം തോന്നാറുള്ളപോലെ... എല്ലാം നല്ലതിനായിരുന്നെന്ന് അറിയുമ്പോഴുള്ള സുഖം ! ദൂരെ ആകാശനീലിമയിലേക്ക്‌ നോക്കിയങ്ങനെ കുറേനേരമിരുന്നു... മേഘക്കീറുകൾക്കിടയിലൂടെ അങ്ങ്‌ ദൂരെ ഒരു മഞ്ഞു മല..! നംഗപർവതം..!
 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപർവ്വതം. പടിഞ്ഞാറൻ ഹിമാലയ നിരകളിൽ സമുദ്രനിരപ്പിൽനിന്ന് 8,114 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന നംഗപർവതം ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പർവതാരോഹകർക്ക് ഏറെ ദുർഘടം നിറഞ്ഞ ഈ ഹിമാലയ ശൃംഗത്തെ 'കൊലയാളി പർവതം' (കില്ലർ മൗണ്ടെയിൻ) എന്ന് വിളിക്കാറുണ്ട്.
 മഞ്ഞുമലകളെക്കുറിച്ച്‌ ആദ്യമായി കേൾക്കാൻ തുടങ്ങിയ കാലം... പ്രൈമറിക്ലാസിൽ നിന്നും തുടങ്ങിയ അനുരാഗമാണ് എവറസ്റ്റിനോടും നംഗപർ വതത്തോടും... നംഗപർവതമിതാ കൺമുമ്പിൽ...ഇങ്ങനെയൊരു യാത്രചെയ്ത്‌ ഈ മലമുകളിലെത്താൻ ഇനി സാധ്യതയില്ല.. തിരിച്ചിറങ്ങുമ്പോൾ ഞാൻ ഒരിക്കൽ കൂടി കൺനിറയെ കണ്ടു..  വിജയിക്ക്‌ കിട്ടിയ വെള്ളിക്കിരീടം പോലെ അതങ്ങനെ നീലാകാശത്ത്‌ വെട്ടിത്തിളങ്ങുകയാണ്... എന്റെ ഹൃദയത്തിലും.... കൊലയാളി പർവതമെന്നൊക്കെ വിളിപ്പേരുണ്ടെങ്കിലും ഹിമഗിരിനിരകളോട് അനുരാഗമാണെന്നും... തീർത്താൽ തീരാത്ത അനുരാഗം...Monday, August 17, 2015

കശ്മീരിന്റെ ജീവിതങ്ങളിലൂടെ


കശ്മീരിന്റെ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ്... മുഖങ്ങൾ... ഭാവങ്ങൾ... സങ്കടങ്ങൾ... സന്തോഷങ്ങൾ... ഒറ്റപ്പെടലുകൾ... സ്വപ്നങ്ങൾ... അനുഭവങ്ങൾ...
തെരുവിന്റെ തിരക്കുകളിലും നദികളുടെ തീരങ്ങളിലും പർവതങ്ങളുടെ മുകളിലും കശ്മീരിന്റെ ജീവിത കാഴ്‌ചകളെ തേടുകയായിരുന്നു എന്റെ ക്യാമറ... ആരേയും നേരിട്ട്‌ പ്രയാസപ്പെടുത്താതെ പരമാവധി ദൃശ്യങ്ങൾ ഫ്രെയിമിലാക്കി... പ്രയാസമാകും എന്ന് തോന്നിയവ ഹൃദയത്തിന്റെ ഫ്രെയിമിലാക്കി അടച്ചു...


ഗുൽമാർഗിലെ പ്രഭാതത്തിലെ ഇളം വെയിലിൽ കുടിവെള്ളം തേടിപ്പോകുന്ന പെൺകുട്ടി, പഹൽഗാമിലെ മലമുകളിൽ മുയലുകളേയും കൂട്ടിയിരിക്കുന്ന ഗ്രാമീണർ, കളിമണ്ണിൽ വീടുണ്ടാക്കിക്കളിക്കുന്ന കുഞ്ഞുങ്ങൾ, മഞ്ഞുകാലത്തേക്കുള്ള മരക്കരിയുമായി മലയിറങ്ങിവരുന്ന സ്ത്രീകൾ, റോഡരികിലെ പഴക്കച്ചവടക്കാർ, രാവിലെ ധൃതിയിൽ സ്കൂളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാർഥി-വിദ്യാർഥിനികൾ,
ഹസ്രത്‌ബാൽ പള്ളിയിൽ പ്രാവുകൾക്ക്‌ തീറ്റകൊടുക്കുന്ന സ്ത്രീ, പള്ളിക്കു മുമ്പിലിരിക്കുന്ന വിഗലാംഗനും ഭാര്യയും മക്കളും, ആട്ടിടയന്മാരായ ബാലന്മാർ, മലമുകളിൽ പുല്ലെരിയുന്ന കുട്ടി, കൃഷിയിടങ്ങളിൽ തൊഴിലിലേർപ്പെട്ടവർ, തലച്ചുമടായി പുല്ലുകൊണ്ടു പോകുന്നവർ, റോഡരികിലെ സൗഹൃദ സംഭാഷണങ്ങൾ, കൃഷിയിടങ്ങളിലെ വിശ്രമ വേളകൾ,  
പ്രഭാതത്തിലെ പത്രവായന, പൂന്തോപ്പുകളിലെ ഒഴിഞ്ഞയിടങ്ങളിലിരുന്നുള്ള ഹുക്കവലി, രാവിലെ സ്കൂൾ തുറക്കാൻ കാത്തുനിൽക്കുന്ന കുട്ടികൾ, കശ്മീർ യൂണിവേഴ്സിറ്റിക്കു മുമ്പിലെ വിദ്യാർഥി-വിദ്യാർഥിനികൾ, വൈകുന്നേരങ്ങളിൽ വാഹനങ്ങളിൽ തൂങ്ങിപ്പിടിച്ച്‌ വീട്ടിലേക്ക്‌ മടങ്ങുന്നവർ, താഴ്‌വരയിലെ പ്രായം ചെന്നവർ, യുവതി-യുവാക്കൾ, അമ്മമാരും മക്കളും...  അങ്ങനെ അനേകം ദൃശ്യങ്ങൾ എന്റെ ക്യാമറ ലെൻസിൽ പതിഞ്ഞു... അതിലേറെ ഹൃദയത്തിലും...

കശ്മീരിലെ എല്ലാ സഹോദരങ്ങൾക്കും നന്ദി.. പ്രാർഥനകൾ...കൂടുതൽ ചിത്രങ്ങൾ-
                                          Life In Kashmir -1
                                   Life In Kashmir -2
                                   Life In Kashmir -3
                                   Life In Kashmir -4
                                   Life In Kashmir -5
                                   Life In Kashmir -6

Sunday, August 16, 2015

ഷാലിമാർബാഗിലെ പൂക്കൾക്കിടയിൽ


ഷാലിമാർ ബാഗിലെ തെളിനീരരുവിക്കരയിലെ പച്ചപ്പുല്ലിൽ വെറുതെയിരിക്കുമ്പോഴാണ് രണ്ട്‌ കശ്മീരി യുവതികളോട്‌ സംസാരിച്ചത്. കശ്മീരിലെ വനിതകളുടെ രാഷ്ട്രീയത്തെക്കുറിച്ചും വിദ്യാഭ്യാസ, കാര്‍ഷിക, തൊഴിൽ രംഗങ്ങളെക്കുറിച്ചും സംസാരിച്ചു.  വിധവകളുടെയും അനാഥക്കുഞ്ഞുങ്ങളുടെയും താഴ്‌വര കൂടിയാണ് കശ്മീരെന്ന് അവർ പറഞ്ഞു. "പലപ്പോഴും സർക്കാർ ധനസഹായവും ലഭ്യമാകാറില്ല. കൃഷിയിൽ നിന്നും മറ്റു സ്വയംതൊഴിലുകളിൽ നിന്നും ജീവിതം കെട്ടിപ്പടുക്കാൻ ഇപ്പോൾ കശ്മീരി വനിതകൾ തയ്യാറായി വരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അന്യ സംസ്ഥാനങ്ങളിലേക്ക്‌ പോകുന്ന പെൺകുട്ടികളുടെ എണ്ണവും  വർദ്ധിച്ചിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുള്ള കരുത്തും ഇപ്പോൾ കശ്മീരി വനിതകൾക്കുണ്ട്. കടുത്ത മാനസിക പിരിമുറുക്കങ്ങളിൽ നിന്നും സ്വസ്ഥത തേടി കുടുംബസമേതം പാർക്കുകളിലേയും പൂന്തോപ്പുകളിലേയും ഒഴിഞ്ഞയിടങ്ങളിലും പൂക്കൾക്കിടയിലും വന്നിരിക്കുന്ന കശ്മീരി യുവതി യുവാക്കളെ നിങ്ങൾക്ക്‌ കാണാം"

"ഞങ്ങളുടേതായ ആസ്വാദന മേഖലകൾ ഞങ്ങൾ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. സഹോദരിമാരാണ് ഞങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ചില സങ്കടങ്ങൾ ഈ ഇളം കാറ്റിൽ പറത്തിക്കളയാനും അരുവികളിൽ ഒഴുക്കിക്കളയാനും ഒരുങ്ങിയാണ് ഞങ്ങളിവിടെ എത്തിയത്‌. അള്ളാഹുവിന്റെ അനുഗ്രഹത്താൽ എല്ലാം ശുഭമാകുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം".

'പിന്നെ കാണാം' എന്ന പതിവു പ്രയോഗത്തിൽ ഞാൻ യാത്ര പറഞ്ഞപ്പോൾ അപ്രതീക്ഷിതമായ മറുപടിയാണ് കേട്ടത്‌...
"ഇനിയൊരിക്കലും കാണാൻ സാധ്യതയില്ല സഹോദരാ... നാളെ നമ്മളും ഈലോകവും എന്താകുമെന്ന് നമുക്കൊരുറപ്പുമില്ല...  പ്രാർഥനകൾ കൂടെ വേണം"

ഷാലിമാർ ഗാർഡന്റെ പുറത്തിറങ്ങുമ്പോൾ ഓർത്തത്‌ എൻ.എൻ.കക്കാടിന്റെ 'സഫലമീയാത്ര'യാണ്.

"വരും കൊല്ലം ആരെന്നും എന്തെന്നും ആർക്കറിയാം... "കൂടുതൽ ചിത്രങ്ങൾ 

Friday, August 14, 2015

ഗിരിശൃംഗങ്ങളിലെ ത്രിവർണങ്ങൾ


''നാട്‌ പിടിച്ചടക്കിയവരെ നമ്മൾ ഒരുമിച്ചോടിച്ചു... സ്വാതന്ത്ര്യവും കിട്ടി.. പക്ഷെ, പോകുന്നതിനു മുമ്പേ അവർ നമ്മെ ഭിന്നിപ്പിച്ചു തന്നു... രാജ്യം മാത്രമല്ല, നമ്മുടെ ഹൃദയങ്ങളും... ഒരേ കുടുംബത്തിലെ അംഗങ്ങൾ രണ്ട്‌ രാജ്യങ്ങളിലായി... ഒരിക്കലും ഒരുമിക്കാൻ കഴിയാത്തവിധം... ഒരേ രാജ്യത്തുള്ളവർ പരസ്പരം ശത്രുക്കളായി...

ഞങ്ങൾ കശ്മീരികളുടെ കാര്യമാണ്... സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ ഇനിയും ഏറെ സഞ്ചരിക്കേണ്ടി വരും... വിദ്യാഭ്യാസ- തൊഴിൽ രംഗങ്ങളിൽ കശ്മീരികളെ പിടിച്ചുയർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കഠിനമായി പരിശ്രമിക്കുമ്പോഴും സൈനികരും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നെ തളർത്തുന്നു... ചൈനയുടേയും പാക്കിസ്ഥാന്റേയും നീക്കങ്ങളും എനിക്ക്‌ ശുഭസൂചനയല്ല നൽകുന്നത്‌... സ്വാതന്ത്ര്യം ഞങ്ങൾക്ക്‌ വിദൂരമായ സ്വപ്നമാണെന്ന് തോന്നുന്നു...''.

ശ്രീനഗറിൽ വെച്ച്‌ പരിചയപ്പെട്ട കശ്മീരി പ്രൊഫസറുടെ ഈ വാക്കുകളാണ് ഓർമയിൽ... കശ്മീരിലെ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള യാത്രയിൽ ശ്രദ്ധിച്ചൊരു കാര്യം എവിടെയുമുള്ള പട്ടാളസാന്നിധ്യമാണ്. പട്ടണത്തിലെ ഉയരംകൂടിയ കെട്ടിടങ്ങൾക്ക്‌ മുകളിലും ഗ്രാമങ്ങളിലെ കുടിലുകൾക്ക്‌ മുമ്പിലും റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലും നദീതീരങ്ങളിലും ഗുൽമാർഗിലേയും പഹൽഗാമിലേയും മഞ്ഞുമലകൾക്ക്‌ മുകളിലും ദേവതാരു പൈൻമരക്കാടുകൾക്കിടയിലും ഒറ്റക്കും കൂട്ടമായും നിൽക്കുന്ന സൈനികരെ കണ്ടപ്പോഴാണ് നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന സൈനികരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ചിന്തിച്ചത്‌... നമ്മൾ ആസ്വദിക്കുന്ന ഓരോ നിമിഷങ്ങളിലും എത്ര പ്രയാസപ്പെട്ടാണവർ രാജ്യത്തെ സംരക്ഷിക്കുന്നത്‌..


ദൂരെ, മലമുകളിൽ പാറിക്കളിക്കുന്ന ത്രിവർണ പതാകയെ ക്യാമറക്കണ്ണിലൂടെ നോക്കി ഞാൻ നിന്നു.. 

ജാതി-മത ഭേദമന്യേ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളെ ഓർത്തുകൊണ്ട്‌.. 

സല്യൂട്ട്‌... രാജ്യത്തിനും സൈനികർക്കും ...

'സൈന്യം'എന്ന മമ്മുട്ടി ചിത്രത്തിൽ ഷിബു ചക്രവർത്തി രചിച്ച് എസ്.പി.വെങ്കിടേഷ് ഈണം നൽകിയ മനോഹര ഗാനം മനസ്സിൽ  മൂളിക്കൊണ്ടാണ് മലയിറങ്ങിയത്... 

''നെഞ്ചില്‍ ഇടനെഞ്ചില്‍ തുടി കൊള്ളുന്നൊരു ശബ്ദം...  ജയ് ഹിന്ദുസ്ഥാന്‍..
 കാശ്മീരും പഞ്ചാബും ആസ്സാമും ഒന്നല്ലോ.. 
 ഒന്നല്ലോ നാം ഇന്ത്യാക്കാര്‍...''  


Thursday, August 13, 2015

ലിഡർ- 'ഒഴുകുന്ന നീലാകാശം'


കശ്മീരിലെ പഹൽഗാമിലേക്ക് ... ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയിച്ച, തെളിഞ്ഞ നീല ജലമുള്ള ഒരു നദിയുടെ ഓരത്തു കൂടിയാണ് യാത്ര....  നീലാകാശം ഉരുളൻ കല്ലുകൾക്കിടയിലൂടെ കുതിച്ചൊഴുകുകയാണെന്ന് തോന്നും. പ്രശസ്തമായ ലിഡ്ഡര്‍ നദിയാണിത്.


ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകുന്ന 'നീലം നദി'യിലെ വെള്ളം പോലെ ലിഡർ നദിയിലെ വെള്ളത്തിനും പ്രത്യേക നീല നിറമാണ്.  ഈ നദീതീരത്താണ് കശ്മീര്‍ താഴ്വരയുടെ മുഴുവന്‍ മനോഹാരിതയും നിറഞ്ഞിരിക്കുന്ന പഹല്‍ഗാം. അമര്‍നാഥിലേക്കുള്ള യാത്രാ വഴിയും ഈ നദീതീരത്തിലൂടെ ആണ്.


പഹൽഗാമിലെ മലകയറ്റത്തിനു മുമ്പേ ഈ നദീതീരത്ത് ഞങ്ങൾ അൽപസമയം വിശ്രമിച്ചു. നദിയിലെ വെള്ളത്തിന് നല്ല തണുപ്പ്. ഉരുളൻ കല്ലുകൾ നിറഞ്ഞിരിക്കുന്ന നദിയിലെ ചില കല്ലുകൾക്കും നീലനിറമുള്ളതായി തോന്നി.


സോനാമാർഗിനടുത്തുള്ള ഹിമാലയത്തിലെ  കൊൽഹോയ് മഞ്ഞുമലകളിൽ നിന്നാണ് നദിയുടെ ഉദ്ഭവം. തുടർന്ന് ശേഷ്‌നാഗ് തടാകത്തിലൂടെ ചന്ദന്‍വാരി വഴി പഹല്‍ഗാമിലൂടെ ഒഴുകി അവസാനം ഝലം നദിയുമായി ചേർന്ന് പാക്കിസ്ഥാനിലേക്കൊഴുകുന്നു. അപൂർവ ഇനം ശുദ്ധജല മത്സ്യങ്ങളുടെ ആവാസ കേന്ദ്രംകൂടിയാണ് ഈ നദി.


 കൂടുതൽ ചിത്രങ്ങൾ

Wednesday, August 12, 2015

കശ്മീരിന്റെ ഹരിത തുരങ്കത്തിലൂടെ


ശ്രീനഗറിൽ നിന്നും കശ്മീരിന്റെ വ്യവസായ തലസ്ഥാനമായ അനന്ത്നാഗിലേക്കുള്ള പാതയിൽ ബിജ്ബെഹാര പട്ടണത്തിനു സമീപം ഞങ്ങളുടെ വാഹനം ഒരു 'ഹരിത തുരങ്കത്തിൽ' പ്രവേശിച്ചു. രണ്ട് കിലോമീറ്ററോളം റോഡിന് ഇരുവശത്തും ഉയരം കൂടിയ പോപ്ലാർ മരങ്ങൾ കൊണ്ട് പ്രകൃതി ഒരുക്കിയ ഒരു 'പച്ച ടണൽ'. ഇതാണ് കശ്മീരിലെ പ്രശസ്തമായ 'ഗ്രീൻ ടണൽ'.

തണൽ വിരിച്ച ഈ വഴിയിലൂടെയുള്ള യാത്ര മനോഹരമാണ്. കണ്ണിനും ഹൃദയത്തിനും കുളിർമയുള്ള അനുഭവം. മഞ്ഞുകാലത്ത് ഈ ടണലിന് മറ്റൊരു സൗന്ദര്യമാണ്. നിരവധി സിനിമകള്‍ക്ക് പശ്ചാത്തലമായിക്കഴിഞ്ഞ ഒരു പ്രദേശമാണിത്. വലുതല്ലെങ്കിലും ഇതുപോലുള്ള 'ഗ്രീൻ ടണലുകൾ' കശ്മീരിന്റെ മറ്റുപല ഭാഗങ്ങളിലും ഉണ്ട്. പക്ഷെ അവിടെയെല്ലാം മരങ്ങൾ നശിച്ചതുമൂലം അതിന്റെ സൗന്ദര്യം ഇല്ലാതായി. മുമ്പ് ഇവിടെ പത്ത് കിലോമീറ്ററോളം നീളത്തിൽ റോഡിനിരുവശത്തും പോപ്ലാർ മരങ്ങൾ വളർന്നുനിന്നിരുന്നുവത്രെ. പിന്നീട് റോഡ്‌ വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിച്ചു മാറ്റി ഇപ്പോൾ രണ്ട് കിലോമീറ്ററായി ചുരുങ്ങി. ഇനി പുതിയ നാലുവരി പാത വരുന്നതോടെ ഈ മരങ്ങൾ പൂർണമായും വെട്ടിമാറ്റാനാണ് സാധ്യത. അങ്ങനെയായാൽ ഇനിയുള്ള സഞ്ചാരികൾക്ക് ഈ മനോഹര ദൃശ്യം കാണാനും ആസ്വദിക്കാനും പറ്റിയെന്നുവരില്ല.

ഡ്രൈവറോട് വാഹനം പതുക്കെ ഓടിക്കാൻ പറഞ്ഞു. പോപ്ലാർ മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം റോഡിലേക്ക് അരിച്ചിറങ്ങുന്ന സുന്ദര കാഴ്ച്ച ഞങ്ങൾ നന്നായി ആസ്വദിച്ചു. പക്ഷെ, ഈ മരങ്ങൾക്കിടയിലും തോക്കേന്തിയ പട്ടാളക്കാരെ കണ്ടതോടെ ചിന്തകൾ വീണ്ടും കശ്മീർ രാഷ്ട്രീയത്തെകുറിച്ചായി.


 കൂടുതൽ ചിത്രങ്ങൾ 

Tuesday, August 11, 2015

കശ്മീരിലെ 'ഭീകരാക്രമണ'രാത്രി


ശ്രീനഗറിലെ ഒരു ദിവസത്തെ അലച്ചിലിനൊടുവിൽ ഞങ്ങൾ വൈകുന്നേരത്തോടെ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ഹോട്ടൽ മുറിയിലെത്തി. ജനലിലൂടെ ഞാൻ പുറത്തേക്ക്‌ നോക്കിയിരുന്നു. തെരുവ്‌ വിളക്കുകൾ കത്താനും കടകളോരോന്നായി അടയാനും  തുടങ്ങി. ആൾതിരക്കൊഴിഞ്ഞു. റോഡിലൂടെ സൈനിക വാഹങ്ങൾ ഇടയ്ക്കിടയ്ക്ക് പോകുന്നുണ്ട്. കശ്മീരിൽ പലയിടത്തും സുരക്ഷാ കാരണങ്ങളാലും സൈനിക മുന്നറീപ്പുകൾ ഉള്ളതിനാലും വൈകുന്നേരമാകുമ്പോഴേക്കും എല്ലാവരും വീടണയും.

നല്ല യാത്രാക്ഷീണമുണ്ട്‌. തണുത്ത കാലാവസ്ഥ. വേഗം ഉറങ്ങാൻ കിടന്നു. ഏതുസമയവും എങ്ങനേയും മാറിമറിയാൻ സാധ്യതയുള്ള കശ്മീരിലെ 'കാലാവസ്ഥയെ'കുറിച്ച്‌ സംസാരിച്ച ഹോട്ടലിലെ കശ്മീരി സുഹൃത്ത്‌ ഗുൽസാറിന്റെ വാക്കുകളോർത്ത്‌ ഉറങ്ങിപ്പോയതറിഞ്ഞില്ല.

പുറത്തൊരു സ്ഫോടന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്‌. കശ്മീരാണ്.. ശ്രീനഗറാണ്, ഭീകരാക്രമണം തന്നെ. തുടർച്ചയായി വെടിശബ്ദം കേൾക്കാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക്‌ ശക്തമായ സ്ഫോടനങ്ങളും നടക്കുന്നുണ്ട്‌. ബൈക്കുകളും മറ്റുവാഹനങ്ങളും ചീറിപ്പായുന്ന ശബ്ദം. മാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതുമായ അനുഭവങ്ങൾ വെച്ച്‌ ഇത്‌ സൈന്യവും ഭീകരരും തമ്മിൽ നടക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലാണെന്ന് ഞാനുറപ്പിച്ചു. സമയം ഏകദേശം രാത്രി 12 മണി. വെടിയുണ്ടകൾ ജനൽചില്ലുകൾ തുളച്ച്‌ വരാൻ സാധ്യതയുള്ള സ്ഥലത്തുനിന്നും മാറിയിരുന്നു. ബഹളങ്ങൾ ഒന്ന് ഒതുങ്ങിയ ശേഷം പുറത്ത്‌ റിസപ്ഷനിൽ ചെന്നു നോക്കി. ആരുമില്ല. ഉടനെ തിരിച്ച്‌ റൂമിലേക്കോടി. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.

അടുത്തപള്ളിയിലെ സുബഹ്‌ ബാങ്ക്‌ കേട്ടാണ് ഉണർന്നത്‌. ജനൽ ചില്ലുകളിൽ മൂടിനിൽക്കുന്ന മഞ്ഞുതുള്ളികൾ നീക്കി ഞാൻ തെരുവിലേക്ക്‌ നോക്കി. അങ്ങാടികൾ സജീവമാകാൻ തുടങ്ങിയിരിക്കുന്നു. കർഫ്യൂ ഒന്നും ഇല്ലെന്ന് തോന്നുന്നു. തലേദിവസത്തെ ഭീകരാക്രമണത്തെക്കുറിച്ച്‌ അന്വേഷിച്ചു.

അതൊരു വിവാഹാഘോഷമായിരുന്നത്രെ!
പടക്കം പൊട്ടിക്കൽ! ഒഴിഞ്ഞ അങ്ങാടിയിലൂടെയുള്ള വാഹനയോട്ടം! ജീവിതത്തിൽ വീണുകിട്ടുന്ന അപൂർവം ചില നല്ല നിമിഷങ്ങളെ പരമാവധി ആഘോഷിക്കുകയാണ് കശ്മീരി യുവാക്കളെന്ന് തോന്നി.

അങ്ങനെ കശ്മീരിലെ ഒരു 'ഭീകരാക്രമണത്തിനും' സാക്ഷിയായി ... 

Monday, August 10, 2015

കുങ്കുമപൂവിന്റെ നാട്ടിൽ


കശ്മീരിലെ കുങ്കുമപ്പൂക്കളുടെ നാടായ, 'സഫ്രോണ്‍ സിറ്റി' എന്നറിയപ്പെടുന്ന പാമ്പൂരിലൂടെയാണ് യാത്ര. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന കുങ്കുമ പാടങ്ങൾ. കുങ്കുമത്തിന്റെ വിളവെടുപ്പ് സീസണല്ലാത്തതിനാൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ചയൊന്നും കണ്ടില്ല. കുങ്കുമ കിഴങ്ങുകൾ നടാനുള്ള നിലമൊരുക്കുന്ന തിരക്കിലാണ് കർഷകർ. പലയിടത്തും കുടുംബാംഗങ്ങൾ ഒരുമിച്ച് കൃഷിപ്പണി ചെയ്യുന്ന കാഴ്ചകൾ. കശ്മീരിൽ എവിടേയും പട്ടാള സാന്നിധ്യമുള്ളപോലെ കുങ്കുമ പാടങ്ങളിലും തോക്കേന്തിയ പട്ടാളക്കാരെ കാണാം.


മണ്ണ് നന്നായി ഉഴുത് സൂര്യ പ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലത്ത് വേണം കുങ്കുമ കിഴങ്ങ് നടാൻ. ഓഗസ്റ്റ് - സെപ്തംബർ മാസത്തിൽ കിഴങ്ങുകൾ പാകും. നവംബർ - ഡിസംബർ മാസത്തിൽ പൂക്കാൻ തുടങ്ങും. ആദ്യം മണ്ണിൽ നിന്നും പുറത്തേക്ക് വരുക പൂക്കളാണ്. വൈകുന്നേരം പുഷ്പിച്ചാൽ പിറ്റേ ദിവസം തന്നെ പൂക്കൾ വാടിപ്പോകുന്നത് കൊണ്ട് പ്രഭാതത്തിൽ തന്നെ പൂക്കൾ വിളവെടുക്കും. വയലറ്റ് നിറമുള്ള പൂക്കളിൽ 6 കേസരങ്ങൾ ഉണ്ടാകും. മൂന്നെണ്ണം മഞ്ഞയും മൂന്നെണ്ണം ചുവപ്പും. ചുവപ്പ് നിറമുള്ള കേസരങ്ങൾ ഉണങ്ങിയതാണ് യഥാർത്ഥ കുങ്കുമ നാര്. വാണിജ്യ പ്രാധാന്യമുള്ള കുങ്കുമച്ചെടിയുടെ ഏക ഭാഗം  പൂവിലെ വളരെ ചെറിയ ഈ നാരുകൾ മാത്രമാണ്. ഒരു ഗ്രാം കുങ്കുമ നാര് ലഭിക്കണമെങ്കിൽ 150 ഓളം പൂക്കൾ പറിക്കേണ്ടി വരും. കുങ്കുമത്തിന്റെ വിലകൂടുതലിന് കാരണം അത് വിളവെടുക്കാനുള്ള ബുദ്ധിമുട്ടാണ്.  വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കും. തുടർന്ന്, ഒന്നോ രണ്ടോ ആഴ്ചകൾ നീണ്ടു നിൽക്കുന്ന സംസ്കരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് കുങ്കുമം വിൽപ്പനക്ക് തയ്യാറാവുകയുള്ളൂ.ലോകത്ത് വളരെ കുറഞ്ഞ പ്രദേശങ്ങളിൽ മാത്രമേ കുങ്കുമ കൃഷി നടക്കുന്നുള്ളൂ. പക്ഷെ, നൂറ്റാണ്ടുകൾ മുൻപുതന്നെ കുങ്കുമം സുഗന്ധദ്രവ്യങ്ങളിലും, ചായങ്ങളിലും, മരുന്നുകളിലും ഉപയോഗിച്ചുപോന്നിരുന്നു. ധാരാളം ഔഷധ ഗുണങ്ങളുള്ള സസ്യമാണ് കുങ്കുമം. ഇറാനിലെയും സ്പെയിനിലെയും കുങ്കുമ പൂവിനേക്കാൾ ഗുണമേന്മ ഏറിയതാണ് കശ്മീരി കുങ്കുമ പൂവ്.


കൂടുതൽ ചിത്രങ്ങൾ

Sunday, August 9, 2015

താഴ്‌വരയിലെ നെയ്ത്തുകാരൻ

ശ്രീനഗറിലെ ഒരു പരവതാനി നെയ്ത്തുകാരൻ
സംഗീതത്തിലെയും ജീവിതത്തിലേയും കണക്കിന്റെ കളികളെ കുറിച്ചും പരിശീലനങ്ങളെ കുറിച്ചും പ്രശസ്ത സംഗീത സംവിധായകനായിരുന്ന കോഴിക്കോട്‌ ടി.ജെ.യേശുദാസ്‌ സാറുമായി സംസാരിച്ചിരുന്നത്‌ ഓർത്തുപോയി. സ്വരങ്ങളുടെ ആരോഹണാവരോഹണങ്ങളിലുള്ള സുന്ദരമായ അടുക്കിവെപ്പും രാഗ-താള-ലയങ്ങളുടെ കൂടിച്ചേരലുകളും കൂടെയാകുമ്പോളാണ് സംഗീതവും സംഗീതമാകുന്ന ജീവിതവും മനോഹരമാവുകയെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു. ശ്രീനഗറിലെ ഒരു കരകൗശല-നെയ്‌ത്തുശാലയിൽ വെച്ചാണ് ഇന്ന് നമ്മോടൊപ്പമില്ലാത്ത അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ എന്റെയുള്ളിൽ നിറഞ്ഞത്‌.


പ്രായംചെന്ന നെയ്ത്തുകാരൻ പരവതാനി തയ്ച്ചുകൊണ്ടിരിക്കുകയാണ്. മ്യൂസിക്‌ നോട്സിൽ കണ്ണോടിച്ചും പിയാനോകട്ടകളിലൂടെ വിരലോടിച്ചും സംഗീതത്തിന്റെ മാസ്മരിക ലഹരിയിലങ്ങനെ ഇരിക്കുന്ന കലാകാരനെപോലെ...
നിറക്കൂട്ടുകളുമായി ക്യാൻവാസിൽ പൂർണമായും ശ്രദ്ധിച്ചിരിക്കുന്ന ചിത്രകാരനെപോലെ... ഈ നെയ്ത്തുകാരൻ വേറൊരു ലോകത്താണെന്ന് തോന്നി. കൂടി നിൽക്കുന്ന ഞങ്ങളെ ശ്രദ്ധിക്കുന്നേയില്ല. നൂലുകൾക്കിടയിൽ ഒരു പേപ്പറിൽ കുറിച്ചുവെച്ചിരിക്കുന്ന പാറ്റേൺ കോഡുകൾ നോക്കിയാണ് നെയ്ത്തുകാരൻ അതിസൂക്ഷമതയോടെ, വിവിധവര്‍ണ്ണങ്ങളുള്ള പരവതാനി നെയ്യുന്നത്. വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ജോലിയായതിനാലാകും, ഇരുന്നിരുന്ന് 'റ' പോലെ വളഞ്ഞ്‌ പോയിട്ടുണ്ട്‌ ഈ പാവം മനുഷ്യന്റെ പുറം. യന്ത്രം പോലൊരു മനുഷ്യൻ...

പരവതാനി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ 
കമ്പിളിവ്യവസായം, പരവതാനി നിര്‍മാണം, കൈത്തറി തുടങ്ങിയവയാണ്‌ കശ്‌മീരിലെ പ്രധാന വ്യാവസായിക രംഗങ്ങള്‍. പുതപ്പുകൾ, പരവതാനികൾ തുടങ്ങിയവ ശ്രീനഗറിലെ നിർമ്മാണശാലകളിലും, കുടിൽ വ്യവസായമായി ചുറ്റുവട്ടങ്ങളിലും നിർമ്മിക്കുന്നുണ്ട്.
കശ്മീരി പരവതാനി 
കശ്മീരിലെ കനമുള്ള കൈത്തറിപരവതാനികൾ അതിന്റെ ഗുണത്തിലും, ചിത്രപ്പണിയിലും, നിറത്തിലും മറ്റും പ്രശസ്തമായ പേർഷ്യൻ പരവതാനികളോട് കിടപിടിക്കുന്നതാണ്. ഇതിനുപയോഗിക്കുന്ന നിറങ്ങൾ, ചെടികളിൽ നിന്നും മറ്റു പ്രകൃതിദത്തമായി തദ്ദേശീയമായി നിർമ്മിക്കുന്നതാണത്രെ.  പരമ്പരാഗത രീതിയിലാണ് കൈത്തറി പരവതാനികളുടെ നിർമാണം. ഉള്ളിൽ വരുന്ന സംഗീതത്തെ ആദ്യം നോട്ടിൽ കുറിച്ചു വെക്കുന്ന കലാകാരനെ പോലെ പരവതാനിയുടെ രൂപം മനസ്സിൽ തെളിഞ്ഞാൽ അത് ആദ്യം ഒരു പേപ്പറിൽ വരക്കും. പരിശീലനം ലഭിച്ച ഒരു നെയ്ത്തുകാരന് മാത്രം മനസ്സിലാകുന്ന രൂപത്തിൽ ഈ ചിത്രങ്ങളെ ഒരു കോഡ് രൂപത്തിലാക്കി മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുത്തും. ചിലസമയങ്ങളിൽ വർഷങ്ങളോളം എടുത്താണ് ഒരു പാറ്റേണ്‍ പൂർത്തിയാക്കുന്നത്.


 കശ്മീരി പരവതാനി നെയ്ത്തുശാല 
കശ്മീരി കരകൗശല വസ്തുക്കൾ
തലമുറകളായി കൈമാറി വരുന്ന ഒന്നോ രണ്ടോ പാറ്റേണുകൾ വെച്ചായിരിക്കും ഇപ്പോഴും പല കുടുംബങ്ങളും കൈത്തറി പരവതാനികൾ നിർമിക്കുന്നത്. ചില കുടുംബങ്ങളുടെ പേരിലറിയപ്പെടുന്ന പരവതാനികളും ഉണ്ട്. മുന്നിൽ വെച്ച നോട്സുകൾ നോക്കി മ്യൂസിക് കമ്പോസർ പിയാനോയിൽ നിന്നും മധുര സംഗീതം ഒരുക്കുന്ന പോലെ മുന്നിലുള്ള ചെറുകഷണം പേപ്പറിലുള്ള കോഡുകൾ നോക്കി നെയ്ത്തുകാരൻ കെട്ടിപ്പിണഞ്ഞു കിടക്കുന്ന നൂൽകെട്ടുകളിൽ നിന്നും മനോഹരമായ പരവതാനികൾ ഒരുക്കുകയായി...


കൂടുതൽ ചിത്രങ്ങൾ 

Friday, August 7, 2015

ഹസ്രത്ത് ബാൽ പള്ളിയിൽ

ഹസ്രത്ത് ബാൽ പള്ളി, ശ്രീനഗർ, കശ്മീർ
ശ്രീനഗറിലെ ദാൽ തടാകക്കരയിലെ ഹസ്രത്ത് ബാൽ പള്ളിയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. പ്രവാചകൻ മുഹമ്മദ്‌ നബിയുടെ കേശം സൂക്ഷിക്കപ്പെട്ട പള്ളിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഹസ്രത്ത്ബാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നാണ്.

ഹസ്രത്ത് ബാൽ പള്ളി, ശ്രീനഗർ, കശ്മീർ
ഹസ്രത്ത് ബാൽ എന്നാൽ  'വിശുദ്ധ സ്ഥലം' എന്നാണ് അർഥം. പേര്‍ഷ്യന്‍-അറേബ്യന്‍ വാസ്‌തുശില്‌പ മാതൃകയില്‍ 1634 ൽ ഷാജഹാനാണ് ഇവിടെ പള്ളി നിർമിച്ചത്. തുടർന്ന്, 1699 ൽ ഔറംഗസീബിന്റെ കാലത്താണ് ഇവിടെ പ്രവാചക കേശം എത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് പല ഘട്ടങ്ങളിലായി പള്ളി പുതുക്കിപണിതു. 1979 ൽ ആണ് ഇപ്പോൾ കാണുന്ന രൂപത്തിൽ നിർമാണം പൂർത്തിയായത്.

ഹസ്രത്ത് ബാൽ പള്ളിക്കു മുമ്പിലെ ഉദ്യാനത്തിന്റെയും  ദാൽ തടാകത്തിന്റെയും ദൃശ്യം
1963 ഡിസംബർ 26 ന് ഇവിടെ സൂക്ഷിച്ചിരുന്ന പ്രവാചക കേശം കാണാതായതുമായി ബന്ധപ്പെട്ട് കശ്മീർ മുഴുവൻ വൻ പ്രക്ഷോഭങ്ങൾ നടന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന് വരെ ഈ പ്രശ്നത്തിൽ നേരിട്ട് ഇടപെടേണ്ടി വന്നു. തുടർന്ന് 1964 ജനുവരി 4 ന് കേശം തിരിച്ചുകിട്ടിയതിനെ തുടർന്നാണ്‌ സമരങ്ങൾ അവസാനിച്ചത്. ഇപ്പോൾ ചില പ്രത്യേക ദിവസങ്ങളിൽ മാത്രമാണ് ഇവിടെ കേശ പ്രദർശനം ഉള്ളത്.  പള്ളിയിലേക്ക് ആർക്കും പ്രവേശിക്കാൻ അനുവാദമുണ്ട്. ഒന്ന് ചുറ്റിക്കറങ്ങിയ ശേഷം സമീപത്തെ ഉദ്യാനത്തിൽ   ഞങ്ങളൽപ്പനേരം വിശ്രമിച്ചു. മുന്നിൽ ദാൽ തടാകത്തിന്റെ മനോഹര കാഴ്ച്ച.


കൂടുതൽ ചിത്രങ്ങൾ


Thursday, August 6, 2015

കശ്മീരിന്റെ പൂന്തോപ്പുകളിലൂടെ

നിഷാത്‌ ബാഗ്, ശ്രീനഗർ 
ഭൂമിയിലെ സ്വർഗത്തെ വർണിച്ചു കൊണ്ട് പ്രൈമറി ക്ലാസിൽ നിന്നും ഗംഗാദേവി ടീച്ചർ പഠിപ്പിച്ച കഥാപ്രസംഗമാണ് ഓർമയിൽ. പൂന്തോപ്പുകൾക്ക് ഇടയിലൂടെ ഒഴുകിവരുന്ന തെളിനീരരുവികളെകുറിച്ച്‌ പാടുമ്പോഴൊക്കെ അത് സ്വർഗത്തിലെ തോട്ടം തന്നെയാണെന്ന് അന്നത്തെ കുഞ്ഞുമനസ്സ് ഉറപ്പിച്ചിരുന്നു. ഋതുക്കൾ മാറിമറിയുമ്പോഴും മനസ്സിലെ വലിയൊരു ആഗ്രഹത്തിന് മാറ്റം വന്നിരുന്നില്ല.. കശ്മീരിൽ പോകണം... പൂന്തോപ്പുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കണം...

നിഷാത്‌ ബാഗ്, ശ്രീനഗർ 
ദൈവാനുഗ്രഹത്താൽ ഞാനിപ്പോൾ ശ്രീനഗറിലെ 'സന്തോഷത്തിന്റെ ഉദ്യാന'മായ നിഷാത്‌ ബാഗിലാണ്. സബര്‍വാന്‍ മലനിരകളുടെ പശ്ചാത്തലത്തിൽ ദാല്‍ തടാകത്തോടു ചേര്‍ന്ന് തട്ടുകളായി കിടക്കുന്ന മുഗൾ ഉദ്യാനമാണ് നിഷാത് ബാഗ്. മലനിരകളിൽ നിന്നും വരുന്ന തെളിനീരുറവ ഉദ്യാനത്തിന്റെ മധ്യത്തിലൂടെ പൂച്ചെടികൾക്കും മരങ്ങൾക്കുമിടയിലൂടെ ദാൽ തടാകത്തിലേക്കൊഴുകുന്ന കാഴ്ച മനോഹരമാണ്. അപൂര്‍വഇനം പുഷ്‌പങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവ ഈ ഉദ്യാനത്തിലുണ്ട്‌. മനോഹരമായ ജലധാര, വിശാലമായ പുല്‍ത്തകിടി, പൂന്തോട്ടം എന്നിവയാല്‍ ആകര്‍ഷണീയമാണ്‌ ഈ ഉദ്യാനം. മുംതാസ്‌ മഹലിന്റെ പിതാവും നൂര്‍ജഹാന്റെ സഹോദരനുമായ അബ്‌ദുള്‍ ഹസന്‍ അസഫ്‌ ഖാന്‍ 1633 ല്‍ പണികഴിപ്പിച്ചതാണ്‌ ദാല്‍ തടാകത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നിഷാത്‌ ബാഗ്‌.

ഷാലിമാര്‍ ബാഗ്, ശ്രീനഗർ
നിഷാത്‌ ബാഗ്‌ ഗാർഡന്റെ സമീപത്ത് ദാൽ തടാകക്കരയിൽ തന്നെയാണ് മറ്റൊരു മുഗൾ ഉദ്യാനമായ ഷാലിമാർ ഗാർഡൻ. മുഗൾ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഗാർഡൻ ആണിത്. മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീർ ആണ് അദ്ദേഹത്തിന്റെ ഭാര്യ നൂർജഹാന്റെ സ്മരണയ്ക്ക് 1619ൽ  ഈ പൂന്തോട്ടം നിർമ്മിച്ചത്. പേർഷ്യൻ വാസ്‌തു വിദ്യ ശൈലിയിലാണ് ഈ ഉദ്യാനങ്ങളുടെയെല്ലാം നിർമാണം. ശ്രീനഗറിലെ ഷാലിമാർ ഗാർഡന്റെ മാതൃകയിലാണ് മൈസൂരിലെ വൃന്ദാവൻ ഗാർഡൻ നിർമിച്ചത്.

പാരിമഹൽ , ശ്രീനഗർ
പാരിമഹൽ ഗാർഡനിൽ നിന്നുള്ള ദാൽ തടാകത്തിന്റെ ദൃശ്യം , ശ്രീനഗർ
സബർവൻ മലമുകളിൽ രാജ്ഭവന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു മുഗൾ ഉദ്യാനമാണ് ചെഷ്മഷായ്. 1632ൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ഗവർണറായിരുന്ന അലി മർദാൻ ഖാനാണ് ഈ ഉദ്യാനം നിർമിച്ചത്.

സബർവൻ മലമുകളിൽ തന്നെ സ്ഥിതി ചെയ്യുന്ന പാരിമഹൽ ഗാർഡനും മനോഹരമാണ്. മുഗൾ ചക്രവർത്തി ഷാജഹാന്റെ പുത്രനായ ദാര ഷികോ 1650ൽ ആണ് ഇത് നിർമിച്ചത്.  ഇവിടെനിന്നും നോക്കിയാൽ ദൂരെ ശ്രീനഗർ പട്ടണത്തിന്റേയും പരന്നുകിടക്കുന്ന ദാൽ തടാകത്തിന്റെയും മനോഹര ദൃശ്യം കാണാം.

പാരിമഹൽ ഗാർഡനിൽ നിന്നുള്ള നിന്നുള്ള ദൃശ്യം


ഷാലിമാര്‍, നിഷാത് ബാഗ്, ചെഷ്മഷായ് എന്നീ മൂന്ന് പൂന്തോട്ടങ്ങളുടെ സംഗമമാണ് മുഗള്‍ ഗാര്‍ഡന്‍സ്. ഈ ഉദ്യാനങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞ് ഒരു ദിവസം പോയതറിഞ്ഞില്ല.


കൂടുതൽ ചിത്രങ്ങൾ 

ക്രിക്കറ്റ് ബാറ്റുകളുടെ താഴ്‌വര


ശ്രീനഗറിൽ നിന്നും പഹൽഗാമിലേക്കുള്ള യാത്രക്കിടയിൽ ഒരു ഗ്രാമത്തിലൂടെ കടന്നു പോകുമ്പോൾ വഴിയരികില്‍ വില്ലോ തടിക്കഷണങ്ങള്‍  മനോഹരമായി അടുക്കിവെച്ചിരിക്കുന്നത് കണ്ടു. ക്രിക്കറ്റ് ബാറ്റ് നിർമാണത്തിനു പേരു കേട്ട കശ്മീരി ഗ്രാമമാണിത്. വില്ലോ മരം മുറിച്ച് ഒമ്പത് മാസത്തോളം തടി ഉണങ്ങാനിട്ടതിനു ശേഷമാണ് ബാറ്റ് നിര്‍മ്മിക്കുന്നത്. ഞങ്ങളൊരു കേന്ദ്രത്തിലിറങ്ങി ക്രിക്കറ്റ് ബാറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ കണ്ടു.

ലോകത്തിലെ വലിയ ക്രിക്കറ്റ് ബാറ്റ് നിർമാണ കേന്ദ്രങ്ങളിൽ ഒന്നാണ് കശ്മീരിലേത്. ബാറ്റ് നിര്‍മ്മാണം ഇവിടെ കുടില്‍ വ്യവസായമാണ്. ലോകത്തുള്ള എല്ലാ ബ്രാന്‍ഡുകള്‍ക്കും വേണ്ടിയുള്ള ബാറ്റുകളും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.  കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽ ധാരാളം വില്ലോ മരങ്ങൾ നശിച്ചത്‌ ഈ വർഷത്തെ നിര്‍മ്മാണത്തെ ബാധിച്ചിട്ടുണ്ട്.

കശ്മീരിന്റെ പുഞ്ചിരി


കശ്മീരിലെ ശ്രീനഗറിൽ നിന്നും 55 കിലോമീറ്റർ ദൂരെയുള്ള 'പൂക്കളുടെ താഴ്‌വര' എന്നറിയപ്പെടുന്ന ഗുൽമാർഗിലേക്കാണ് യാത്ര. സമുദ്ര നിരപ്പിൽ നിന്നും 2700 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗുൽമാർഗിലാണ് ലോകത്തെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ കേബിൾ കാർ സംവിധാനം. 3950 മീറ്റർ ഉയരത്തിലുള്ള കൊങ്ടൂരി മലയിലേക്കും 4200 മീറ്റർ ഉയരത്തിലുള്ള അഫർവത് കൊടുമുടിയിലേക്കുമുള്ള കേബിൾ കാർ ശൈത്യകാലത്തിന് മുമ്പുള്ള അറ്റകുറ്റ പണിക്കുവേണ്ടി നിർത്തിവെച്ചിട്ടുണ്ടായിരുന്നു. മലയുടെ പകുതി ഉയരം വരെ കഴുതപ്പുറത്ത് പോകാനുള്ള സൗകര്യമുണ്ട്. ബന്ധുക്കളെ താഴ്വാരത്ത് നിർത്തി മൂന്നാർ സ്വദേശികളായ മനോജേട്ടൻ, ബിജു, രഞ്ജിത്ത് എന്നീ സുഹൃത്തുക്കളുടെ കൂടെ പൈൻമരക്കാടുകളിലൂടെ കാൽനടയായി കയറാൻ തീരുമാനിച്ചു.
മജീദിന്റെ കുഞ്ഞുങ്ങൾക്കൊപ്പം 

പോകുന്ന വഴിയിൽ കൊച്ചു കൊച്ചു വീടുകൾ. വിറക് ശേഖരിച്ചു കാട്ടിൽ നിന്നും ഇറങ്ങി വരുന്ന ഗ്രാമീണർ. ഒരു ചെറിയ കുടിലിനു മുന്നില് മഞ്ഞു കാലത്ത് നായയെ ഉപയോഗിച്ചു വലിക്കുന്ന ചക്രമില്ലാത്ത ഒരു പ്രത്യേക വാഹനം കണ്ട ഞങ്ങൾ വീടിനു സമീപത്തെത്തി. വീടിനു മുന്നിലുള്ള യുവാവ് മജീദ്‌ , ഞങ്ങളെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു. ഞങ്ങളെ വീട്ടിലേക്ക് കയറി ഇരിക്കാൻ നിർബന്ധിച്ചു. വീട്ടിനുള്ളിൽ തറയിൽ വിരിച്ച പരവതാനിയിൽ ഞങ്ങളെ ഇരുത്തി , ആപ്രിക്കോട്ടും പീച്ചും ആപ്പിളും തന്ന് ഗൃഹനാഥ ഞങ്ങളെ സൽകരിച്ചു. കേരളമെന്ന പേര് കേട്ടിട്ടുപോലുമില്ല മജീദ്‌, ആകെ പരിചയമുള്ള സ്ഥലങ്ങൾ ശ്രീനഗറും ബാരാമുള്ളയും ഗുൽമാർഗും മാത്രം. പക്ഷെ, ഷാരൂഖ് ഖാനെ നന്നായി അറിയാം. മുമ്പൊരു മഞ്ഞുകാലത്ത് സിനിമാ ചിത്രീകരണത്തിനു ഗുൽമാർഗിൽ വന്നപ്പോൾ 'മഞ്ഞുവാഹനം' ഓടിക്കാൻ മജീദ്‌ സഹായിച്ചിരുന്നുവത്രെ. ഭാഷ കശ്മീരി ആയതുകൊണ്ട് മനസ്സിലാക്കാൻ നന്നായി പ്രയാസപ്പെടുന്നുണ്ട് ഞങ്ങൾ. വീട്ടുമുറ്റത്തു മജീദിന്റെ കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നു. സ്ത്രീകൾക്ക് വിറക് ശേഖരിക്കലാണ് ജോലി ( തണുപ്പ് കാലത്തേക്കുള്ള കരി നിർമിക്കാൻ ) മജീദിനും സഹോദരങ്ങൾക്കും കാട്ടിൽ താല്കാലിക വാച്ചർ ജോലിയുമാണ്.

 പൈൻ മരക്കാടുകൾക്കിടയിലെ മജീദിന്റെ വീട് 
ശൈത്യ കാലത്ത് ഇവർ സ്വന്തം വീടായ ബാരാമുള്ളയിലേക്ക് മടങ്ങും. കുട്ടികൾ സ്കൂളിലും മദ്രസ്സയിലും പോകുന്നുണ്ട്. വീട്ടുകാരിയുടേയും മകളുടേയും കൂടെ ഒരു സെൽഫിയെടുത്തു. സ്ക്രീനിൽ മുഖം കണ്ടപ്പോൾ പൊട്ടിച്ചിരി. അപരിചിതരോട് കാഷ്മീരികൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും ആതിഥ്യ മര്യാദയും വിശ്വാസവും കാശ്മീർ യാത്രയിൽ ഉടനീളം എനിക്ക് അത്ഭുതമായിരുന്നു.

മജീദും ഞാനും
'മക്കയിലേക്കുള്ള പാതയിൽ ' മുഹമ്മദ്‌ അസദ് അറബികളുടെ ആതിഥ്യ മര്യാദയെ വിവരിക്കുന്നപോലെ ഈ സമയങ്ങളിൽ എന്റെ ഓർമയിൽ നിറഞ്ഞത്‌ . " ഒരു കാഷ്മീരിയുടെ അതിഥിയാവുക എന്നതിനർഥം കുറച്ചു നേരത്തേക്കെങ്കിലും യഥാർഥത്തിൽ നിങ്ങളുടെ സഹോദരീ സഹോദരന്മാരാവാൻ ആഗ്രഹിക്കുന്നവരുടെ ജീവിതത്തിലേക്ക് ഏതാനും മണിക്കൂർ നേരത്തേക്ക് പ്രവേശിക്കുക എന്നാണ് "

Wednesday, August 5, 2015

കശ്മീരിന്റെ സ്വപ്നം


ഝലം നദിക്കരയിലെ ചെറിയൊരു പൂന്തോട്ടത്തിലെ മരബെഞ്ചിൽ പുഴയിലേക്ക് നോക്കി ഒറ്റക്കിരിക്കുന്ന ഒരാളെ ഞാൻ കുറച്ചുനേരമായി ശ്രദ്ധിക്കുന്നു. പോയി പരിചയപ്പെട്ടു, ജഹാംഗീർ ഖാൻ, അധ്യാപകനാണ്. ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ ഭാഷ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടെന്നും തമിഴോ മലയാളമോ എന്ന സംശയത്തിലായിരുന്നെന്നും പറഞ്ഞു. കാര്യമായി സന്തോഷ വർത്തമാനങ്ങളൊന്നും പങ്കുവെക്കാനില്ലാത്ത ഒരു കശ്മീരിയായ ഞാൻ എന്തിനാണ്  ദൂരെ നിന്നും വന്നവരുടെ ഉല്ലാസം പരിചയപ്പെട്ട് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കുറെ നേരം പുഴയിലേക്ക് നോക്കി ശോകമൂകനായി മിണ്ടാതിരുന്നു അദ്ദേഹം. പിന്നെ തുടർന്നു ... ''കേരളത്തെക്കുറിച്ച് നന്നായറിയാം. കേരളത്തിലെ മുസൽമാന്മാർ ഭാഗ്യമുള്ളവരാണ്. എല്ലാ ഉന്നതിക്കും കാരണം വിദ്യാഭ്യാസം തന്നെയാണ്. രാഷ്ട്രീയ പാർട്ടികളിലെല്ലാം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും അനുവാദവും ഉണ്ട്‌. ഭരണ രംഗങ്ങളിൽ പങ്കാളികളാകുന്നു.
പക്ഷെ, കഷ്മീരിൽ നിങ്ങൾക്കറിയുമോ? കഴിഞ്ഞ ആഴ്ചയും രണ്ട്‌ യുവാക്കൾ സൈന്യത്തിന്റെ വെടിയേറ്റുമരിച്ചു . ബന്ദും ആക്രമണങ്ങളുമായി ഇന്നും അതിന്റെ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സൈന്യത്തിന്റെ ഭാഗം അവർ ന്യായീകരിക്കുന്നുണ്ട്‌, പ്രതിഷേധിക്കുന്ന ചില സംഘടനകൾക്ക്‌ അവരുടേതായ താൽപര്യങ്ങളും.

പാക്കിസ്ഥാനും ചൈനയും ഇന്ത്യയും തുല്ല്യ അവകാശം ഉന്നയിക്കുന്ന ഈ ഭൂമിയിൽ ഞങ്ങളെപ്പോലുള്ളവർക്ക്‌ സ്വാതന്ത്ര്യമാണ് വേണ്ടത്‌. വീട്ടിലും പറമ്പിലും വഴിയിലും എവിടേയും പട്ടാളക്കാരെ കണ്ട്‌ ഞങ്ങൾക്ക്‌ മടുത്തു''.

തൊഴിലില്ലാഴ്മ മറ്റൊരു പ്രശ്നമാണ്. ഇതൊക്കെ മനസ്സിലാക്കി ഇന്ത്യാ ഗവൺമന്റ്‌ നിരവധി പ്രത്യേക പദ്ധതികൾ കശ്മീരിനുവേണ്ടി നടപ്പാക്കുന്നുണ്ടെന്നും റോഡ്‌ - റെയിൽ നിർമാണമെല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കുകയും കശ്മീരികൾക്ക്‌ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി എളുപ്പത്തിൽ സഞ്ചാര സൗകര്യം ലഭ്യമാവുകയും ചെയ്യുന്നതോടെ കശ്മീരിന്റെ 'നരകാവസ്ഥ' മാറി ഭൂമിയിലെ യഥാർഥ സ്വർഗമായി മാറുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു. 

കശ്മീരിന്റെ രുചികളിലൂടെ


കശ്മീരിന്റെ രുചികളിലൂടെയാണ് യാത്ര. രുചികളിൽ പലതും ക്യാമറയിൽ പകർത്തുന്നതിന് പകരം ഹൃദയത്തിൽ അനുഭവിക്കുകയായിരുന്നു. ആപ്പിളും പിയറും പീച്ചും ആപ്രിക്കോട്ടും വാൾനട്ടും അങ്ങനെ എത്രയെത്ര രുചികൾ...
ആപ്പിളും പിയറും
ഇവയൊക്കെ കായ്ച്ചു നിൽക്കുന്ന കാഴ്ചകളും രുചിയോടെ കണ്ടു. ദാൽ തടാകക്കരയിൽ വെച്ച്‌ കശ്മീരിന്റെ താമര വിത്തുവരെ രുചിച്ചുനോക്കി. വഴിയരികിൽ ചോളം തീകനലിൽ ചുട്ടു വിൽക്കുന്ന കശ്മീരികളെ കാണാം.

ടാങ്‌ മാർഗ്ഗിലെ പലഹാരക്കടയിൽ നിന്നും പലതും രുചിച്ചു. യാത്രക്കിടയിൽ എവിടെയെത്തിയാലും കശ്മീരി കാവയെ മറക്കാതെ രുചിച്ചു. കശ്മീരിലെയും ഉത്തരപാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും പരമ്പരാഗത പാനീയമാണ് 'കാവ'. ഗ്രീൻ ടീയും കുങ്കുമപ്പൂവും കറുവാപട്ടയും ഏലവും ചേർത്താണ് കാവ തയ്യാറാക്കുന്നത്‌. മധുരത്തിനുവേണ്ടി പഞ്ചസാരയോ തേനോ ചേർക്കും. വാൾനട്ടോ ബദാമോ പാലോ ചേർത്തും പാചകം ചെയ്യാറുണ്ട്‌.

ആപ്പിളും പിയറും
 വാൾനട്ട് 
താമര വിത്തുകൾ


ശ്രീനഗറിലെ ഒരു ഹോട്ടലിൽ നിന്നും പരിചയപ്പെട്ട കശ്മീരിസുഹൃത്ത് ഗുൽസാർ തനത്‌ കശ്മീരി നാടൻ മട്ടൻ കറി ഞങ്ങൾക്കായി പ്രത്യേകം ഉണ്ടാക്കിത്തന്നു. കടുകെണ്ണയാണ് പാചകത്തിന് കാര്യമായി ഇവർ ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. ഗുൽമാർഗിലെ ഹോട്ടലിൽ നിന്നും കഴിച്ച നമ്മുടെ ബിരിയാണി പോലുള്ളൊരു വിഭവവും  മലമുകളിലെ തട്ടുകടയിലെ കശ്മീരി ചായയും ഒക്കെ മറക്കാനാകാത്ത രുചികളാണ്.


കോംഗ്ട്ടൂരി പർവതമുകളിലേക്ക്‌ ഞങ്ങൾ നടത്തിയ ട്രക്കിങ്ങിനിടയിൽ പൈൻമരക്കാടിനിടയിലെ ചെറിയൊരു കുടിലിൽ നിന്നും ഗൃഹനാഥൻ മജീദും കുടുംബവും സ്നേഹത്തോടെ നൽകിയ ആപ്രിക്കോട്ടാണ് കശ്മീരി യാത്രയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട 'രുചി' ....


കൂടുതൽ ചിത്രങ്ങൾ 

ദാൽ തടാകവും ഹൗസ് ബോട്ടുകളും


ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം. 18ചതുരശ്രകിലോമീറ്ററോളം ശ്രീനഗറിനു ചുറ്റും പരന്നു കിടക്കുന്ന ഈ തടാകം മുഴുവൻ പലപ്പോഴും മഞ്ഞുകാലത്ത് മരവിച്ച് ഉറഞ്ഞുപോകാറുണ്ട്. കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും ദാൽ അറിയപ്പെടുന്നു. താഴ്‌വരയിലെ നിരവധി ചെറുതും വലുതുമായ തടാകങ്ങളുമായി ദാൽ തടാകം ബന്ധപ്പെട്ടിരിക്കുന്നു. ശ്രീ നഗറിനു ചുറ്റും പരന്നു കിടക്കുകയാണ് ദാല്‍.  വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൗസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ് ഈ തടാകം. കരയിലെ മതിൽ കെട്ടിലിരുന്ന് തടാകത്തിലേക്കങ്ങനെ നോക്കിയിരിക്കുകയാണ് ഞാൻ...


മൂടി നിൽക്കുന്ന അന്തരീക്ഷത്തിന്റെ നിറവും തടാകത്തിന്റെ നിറവും ഒരുപോലെയായി തോന്നി. സ്കൂൾ യൂണിഫോം ധരിച്ച ഒരു പെൺകുട്ടി ചെറിയൊരു തോണി തുഴഞ്ഞ്‌ ഒരു ഹൗസ്‌ ബോട്ടിനടുത്തേക്ക്‌ നീങ്ങുന്നത്‌ കണ്ടു. ബോട്ടിനുള്ളിൽ നിന്നും വന്ന സഹോദരിയായിരിക്കണം, പെൺകുട്ടിയെ പിടിച്ചുകയറ്റി. കയ്യിലുള്ള ബാഗും മറ്റും വാങ്ങിവെച്ച്‌ വലിയൊരു വീടുപോലുള്ള ബോട്ടിനുള്ളിലേക്ക്‌ കയറിപ്പോയി. ചെറിയ ശിക്കാര തോണികളിൽ പച്ചക്കറിയും മറ്റുസാധനങ്ങളുമായി നീങ്ങുന്ന കച്ചവടക്കാരേയും തടാകത്തിലെ പായൽ നീക്കം ചെയ്യുന്ന തൊഴിലാളികളേയും  കാണാം.
തടാകത്തിൽ നിരവധി ഹൗസ്‌ ബോട്ടുകളുണ്ട്‌. കേരളത്തിലെ ഹൗസ്‌ ബോട്ട്‌ പോലെയല്ല, തടാകത്തിന്റെ കരയോടുചേർന്ന് വെള്ളത്തിൽ ചലിക്കാൻ പറ്റാത്ത രൂപത്തിലാണ് ഇവയുടെ നിർമാണം. പ്രദേശവാസികൾ താമസിക്കാനും  ടൂറിസ്റ്റുകൾക്ക്‌ വാടകയ്ക്ക്‌ നൽകാനും ആണ് ഇവയിപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്‌. ചെറിയ ശിക്കാര വള്ളങ്ങളാണ് വെള്ളത്തിലൂടെയുള്ള യാത്രക്ക് ഉപയോഗിക്കുന്നത്.

കൂടുതൽ ചിത്രങ്ങൾ 
Related Posts Plugin for WordPress, Blogger...